കല കുവൈറ്റ് മാതൃഭാഷാ സംഗമം സെപ്റ്റംബർ 25 ന്
Monday, September 21, 2020 7:40 PM IST
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നടത്തി വരുന്ന സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ മാതൃഭാഷാ സംഗമം സെപ്റ്റംബർ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഓൺലൈനായി നടത്തുന്നു.

സാംസ്കാരിക - നിയമ മന്ത്രി എ.കെ. ബാലൻ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കുവൈറ്റിൽ കഴിഞ്ഞ 30 വർഷക്കാലമായി കല കുവൈറ്റ് നടത്തിവരുന്ന സൗജന്യ മാതൃഭാഷാ ക്ലാസുകൾ, കഴിഞ്ഞ മൂന്നു വർഷമായി കേരള സർക്കാറിന്‍റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപറ്ററിന്‍റെ സഹകരണത്തോടു കൂടിയാണ് സംഘടിപ്പിച്ചു വരുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്. മാതൃഭാഷാ സംഗമത്തിന്‍റെ ഭാഗമായി മലയാളം ക്ലാസുകളിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാ പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും ഈ വർഷത്തെ ഒൺലൈൻ മാതൃഭാഷാ സംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, മാതൃഭാഷാ സമിതി ജനറൽ കൺവീനർ വിനോദ് കെ. ജോൺ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ