അബുദാബിയിൽ സ്വകാര്യ മേഖലയിൽ ലിംഗസമത്വം; പുതിയ ഉത്തരവ് സെപ്റ്റംബർ 25 മുതൽ പ്രബാല്യത്തിൽ
Friday, September 25, 2020 7:57 PM IST
അബുദാബി: സ്വകാര്യമേഖലയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും തുല്യവേതനം ഉറപ്പാക്കുന്ന പുതിയ നിയമം സെപ്റ്റംബർ 25 (വെള്ളി) മുതൽ അബുദാബിയിൽ പ്രാബല്യത്തിലായി. ഇതു സംബന്ധിച്ച ഉത്തരവിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഉപ്പു വച്ചത്.

ഇതനുസരിച്ച് സ്വകാര്യ മേഖലയിൽ സ്ത്രീയോ, പുരുഷനോ ഒരേ പദവി വഹിക്കുകയാണെങ്കിൽ അല്ലെങ്കിൽ ഒരേ തരത്തിലുള്ള ജോലി ചെയ്യുന്നുണ്ടെങ്കിൽ ശന്പളം തുല്യമായിരിക്കും. വേതനം നിശ്ചയിക്കുന്നത് മാർക്കറ്റ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും.

തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് 1980 ലെ ഫെഡറൽ നിയമം നമ്പർ 08 ലെ ആർട്ടിക്കിൾ 32 ലെ സ്വകാര്യമേഖലയിലെ വേതനവും ശമ്പളവും കണക്കിലെടുത്ത് ലിംഗസമത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രാബല്യത്തിൽ വരുത്തും.

ജോലിസ്ഥലത്ത് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ശക്തമായ നടപടി എന്ന നിലയിലാണ് പുതിയ ഉത്തരവിനെ എല്ലാവരും കാണുന്നത്.

ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്നതോടെ രാജ്യത്തിന്‍റെ പ്രാദേശിക, അന്തർദേശീയ നില ശക്തിപ്പെടുത്താൻ പുതിയ ഭേദഗതികൾ സഹായിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സിലെ സ്ത്രീകളെ ശാക്തീകരിക്കുന്ന പ്രക്രിയയിലെ പുതിയ ക്രിയാത്മക നടപടിയാണിതെന്നാണ് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗാർഗാഷ് പുതിയ ഉത്തരവിനെ വിശേഷിപ്പിച്ചത്. സമത്വവും നീതിയും ഊട്ടിയുറപ്പിക്കുന്ന ആധുനിക ഒരു രാജ്യം കെട്ടിപ്പടുക്കാൻ പുതിയ നിയമം സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

പുതിയ നിയമം സ്ത്രീകളുടെ സാമൂഹിക ഉൾക്കൊള്ളൽ വർധിപ്പിക്കുമെന്നും ദേശീയ വികസനത്തിൽ അവരുടെ പങ്ക് പിന്തുണയ്ക്കുമെന്നും ലോക ലിംഗസമത്വ സൂചികയിൽ യുഎഇയുടെ നിലവാരം ഉയർത്തുമെന്നും യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡന്‍റ് ഷെയ്ഖ് മനൽ ബിന്ത് മുഹമ്മദ് അൽ മക്തൂം അഭിപ്രായപ്പെട്ടു.