ഭക്ഷണം ക്രമീകരിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കുക. ഡോ. അബ്ദുറഹ്മാന്‍
Tuesday, September 29, 2020 11:42 PM IST
ദോഹ: ഭക്ഷണം നിയന്ത്രിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന് പ്രമുഖ വ്യവസായി സംരംഭകനും ഗ്രൂപ്പ് 10 മാനേജിംഗ് ഡയറക്ടറുമായ ഡോ. അബ്ദുറഹ്മാന്‍ കരിഞ്ചോല. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഗ്രൂപ്പ് ആസ്ഥാനത്തു നടന്ന പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ലോകത്തെത്തുന്ന പലരും ഭക്ഷണക്രമീകരണത്തിലും വ്യായാമം പതിവാക്കുന്നതിലും വലിയ വീഴ്ചവരുത്തുന്നതാണ് ഹൃദ്രോഗം വര്‍ധിക്കുവാനിടയാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പതിവായി വ്യായാമ മുറകള്‍ ശീലിച്ചും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനാകും.

ജീവനക്കാരാണ് കമ്പനിയുടെ പ്രധാന ആസ്ഥി. അതിനാല്‍ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് പ്രവര്‍ത്തിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങളിലെ ജാഗ്രത കുറവ് അപകടകരമായ സ്ഥിതി വിശേഷത്തിന് കാരണമാകുമെന്നതിനാല്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ മാനേജര്‍ അല്‍താഫ് സ്വാഗതവും ഷിജു ശ്രീധരന്‍ നന്ദിയും പറഞ്ഞു.