കുവൈറ്റ് അമീറിന്‍റെ വിയോഗത്തിൽ നിരവധി സംഘടനകൾ അനുശോചിച്ചു
Wednesday, September 30, 2020 8:42 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് അൽ ജാബിറിന്‍റെ നിര്യാണത്തിൽ ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് അനുശോചിച്ചു.

മാനുഷിക സേവനത്തിന്‍റെ ലോക നായകപട്ടം അലങ്കരിച്ച ഒരു മനുഷ്യസ്നേഹിയും രാജ്യ നായകനുമായിരുന്നു കുവൈറ്റിന്‍റെ പ്രിയപ്പെട്ട അമീർ .കുവൈറ്റിലുള്ള മുഴുവൻ വിദേശികളെയും കരുതലോടെയും മാനവികതയോടെയും കണ്ട അത്യുന്നത വ്യക്തിത്വത്തിനു ഉടമയായിരുന്നു വിട വാങ്ങിയ അമീർ. രാജ്യത്തിൻറെ ദുഃഖത്തിൽ ചേർന്ന് നിന്നുകൊണ്ട് ഒഐസിസി യൂത്ത് വിംഗ് കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ ഇസ് ലാഹി സെന്‍റർ

രാജ്യത്തിന്‍റെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ഏറെ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്‍റെ വേർപാടിലൂടെ നഷ്ടപ്പെട്ടിട്ടുള്ളത്. മാനവികതയുടെ അമ്പാസഡറായി യുഎൻ നൽകിയ ആദരവ് അദ്ദേഹത്തിനും രാജ്യത്തിനും അർഹിക്കുന്ന അംഗീകാരമായിരുന്നുവെന്നു ഇന്ത്യൻ ഇസ്ലാഹി സെന്‍റർ (ഐഐസി) അനുസ്മരിച്ചു.

പ്രവാസി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച അദ്ദേഹത്തിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം, രാജ്യത്തിന്‍റേയും ജനതയുടെയും ദുഖത്തിൽ പ്രാർത്ഥനാപൂർവം പങ്കു ചേരുന്നയും ഭാരവാഹികൾ അറിയിച്ചു.

ഇന്തോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ

കുവൈറ്റ് ഭരണാധികാരിയും അമീറുമായ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അൽ സബാഹിന്‍റെ വിയോഗത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ അനുശോചിച്ചു.

മഹാനായ നേതാവും രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുമുപരിയായി മനുഷ്യസ്‌നേഹിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗം കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും കനത്ത നഷ്ടമാണ്.

കുവൈറ്റിലെ സ്വദേശി വിദേശി സമൂഹത്തിന്‍റെ ദുഃഖത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററും പങ്കു ചേരുന്നതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഐസിഎഫ്

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ സബാഹിന്‍റെ നിര്യാണത്തിൽ ഐസിഎഫ് കുവൈറ്റ് നാഷനൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തന്‍റെ ചാരിറ്റി പ്രവർത്തനവും അറബ് മേഖലയിലെ സമാധാന - അനുരഞ്ജന പ്രവർത്തനങ്ങളും വഴി കുവൈത്തിനു മാത്രമല്ല, ലോക രാഷ്ട്രങ്ങൾക്കു തന്നെ മാതൃകയായ ഭരണാധികാരിയായിരുന്നു ഷെയ്ഖ് സബാ എന്ന് അനുശോചന സന്ദേശത്തിൽ ഐസിഎഫ് പത്രക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.

ജെസിസി കുവൈറ്റ്

ഷെയ്‌ഖ് സബാഹ് അൽ അഹ്മദിന്‍റെ വേർപാടിൽ ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് കമ്മിറ്റി അനുശോചിച്ചു. രാജ്യത്തെ അന്താരാഷ്ട്ര സമിതികളിൽ അംഗമാക്കുന്നതിൽ ഉന്നതമായ പങ്കുവഹിച്ച അദ്ദേഹം, അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ, മനുഷ്യാവകാശങ്ങൾക്കു പ്രാധാന്യം നൽകിയ ഭരണാധികാരിയായിരുന്നെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ