ചന്ദ്രോപരിതലത്തിൽ വൻ പര്യവേക്ഷണങ്ങൾ നടത്താൻ യുഎഇയുടെ ബൃഹദ് പദ്ധതി
Wednesday, September 30, 2020 9:28 PM IST
ദുബായ് : ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കി വൻ പര്യവേക്ഷണങ്ങൾ നടത്താൻ യുഎഇയുടെ ബൃഹദ് പദ്ധതി തയാറാക്കുന്നു. പൂർണമായും യുഎഇയിൽ നിർമിച്ച റോവറിന് 'റാഷിദ്' എന്നു പേരിട്ടതായി വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ദുബായ് നവോഥാനത്തിനു തുടക്കം കുറിച്ച ഷെയ്ഖ് റാഷിദിനോടുള്ള ആദരസൂചകമായാണ് റാഷിദ് എന്ന പേര് റോവറിനു നൽകിയത്.

ഇതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത മേഖലകളിലാകും റോവർ പര്യവേക്ഷണം നടത്തുക.അറബ് മേഖലയിലെ ആദ്യ ചാന്ദ്രദൗത്യമാകും ഇത്. 2024ലെ ദൗത്യത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ചന്ദ്രനിൽ ഇതിനു മുൻപ് ഒരു രാജ്യവും പര്യവേക്ഷണം നടത്താത്ത മേഖലകളിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം. റോബട്ടിക് റോവർ ആയിരത്തോളം ചിത്രങ്ങളും മറ്റു വിവരങ്ങളും ശേഖരിക്കും. മണ്ണിന്‍റെ ഘടന, പാറകൾ, പൊടിപടലങ്ങൾ, അന്തരീക്ഷം, ആണവ വികിരണം തുടങ്ങിയവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണു പ്രതീക്ഷ.

വിവിധ കോണുകളിലേക്കു തിരിയാൻ കഴിയുന്ന 4 കാമറകൾ, 3ഡി കാമറകൾ, മൈക്രോസ്കോപ്, തെർമൽ ഇമേജിംഗ് കാമറകൾ എന്നിവ റോവറിൽ ഉണ്ടാകും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ ആണിത് വികസിപ്പിക്കുക. അടുത്തമാസം മാതൃകയുടെ അന്തിമരൂപം തയാറാകും. 2022ൽ നിർമാണം തുടങ്ങി 2023ൽ ആണ് പരീക്ഷണഘട്ടങ്ങൾക്കു തുടക്കമിടുക. ദൗത്യം പൂർണമാവുന്നതോടെ ചാന്ദ്രപര്യവേക്ഷണം നടത്തുന്ന ലോകത്തിലെ നാലാമത് രാജ്യവും അറബ് ലോകത്തെ ആദ്യ രാജ്യവുമാകും യുഎഇ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള