മഹാകവി അക്കിത്തത്തിന് കല കുവൈറ്റിന്‍റെ ആദരാഞ്ജലികൾ
Thursday, October 15, 2020 7:06 PM IST
കുവൈറ്റ് സിറ്റി : ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ (94) നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചിച്ചു.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ ദിവസം അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, ഇന്ന് രാവിലെ എട്ടോടെയാണ്‌ അന്ത്യം സംഭവിച്ചത്.

കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട് . പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്‍റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. മനുഷ്യസ്നേഹത്തിന്‍റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അദ്ദേഹത്തിന്‍റെ വിയോഗം മലയാള സാഹിത്യത്തിന് നികത്താനാകാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ സുഹൃത്തുക്കളുടെയും ബന്ധുമിത്രാതികളുടെയും സഹപ്രവർത്തകരോടപ്പം വേദനയിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ , ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ