അബുദാബി ഇന്ത്യൻ എംബസിയുടെ സേവനം പരിമിതപ്പെടുത്തി
Thursday, October 15, 2020 9:25 PM IST
അബുദാബി: പാസ്‌പോർട്ട്, വീസ കാലാവധി തീർന്നവർക്ക് മാത്രമായി എംബസിയുടെ സേവനം പരിമിതപ്പെടുത്തിയതായി അബുദാബി ഇന്ത്യൻ എംബസി. നിലവിൽ കാലാവധി തീർന്നതോ അല്ലെങ്കിൽ നവംബർ 30-ന് മുന്പ് കാലാവധി തീരുന്നതോ ആയ പാസ്‌പോർട്ട്, താമസ വീസ അപേക്ഷകൾ മാത്രമേ ഇപ്പോൾ പരിഗണിക്കുവെന്നാണ് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചത്.

യു എ ഇയിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സാമൂഹിക അകലം ഉൾപ്പടെയുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനുമായാണ് പാസ്പോർട്ട് സേവനങ്ങളിൽ അധികൃതർ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും എംബസിയുടെ അറിയിപ്പിൽ പറയുന്നു.

അതേസമയം അടിയന്തര പാസ്പോർട്ട് സേവനങ്ങൾ വേണമെന്നുള്ളവർക്ക് രേഖകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാം. എംബസി അത്തരം എല്ലാ ഇമെയിലുകളോടും പ്രതികരിക്കുകയും ആവശ്യമായ കോൺസുലർ സേവനം നൽകുകയും ചെയും. നിലവിലെ സാഹചര്യത്തിൽ എല്ലാ ഇന്ത്യക്കാരും മേൽപ്പറഞ്ഞ നടപടികൾ പിന്തുടരണമെന്നും എംബസി അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള