ആര്‍എസ് സി ബുക് ടെസ്റ്റ്: ഫൈനല്‍ പരീക്ഷ നവംബർ 20 ന്
Thursday, November 19, 2020 8:52 PM IST
കുവൈറ്റ് സിറ്റി: പ്രവാചക ജീവിതത്തെ അധികരിച്ച് റിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ് സി) ഗ്ലോബല്‍ തലത്തില്‍ നടത്തുന്ന പതിമൂന്നാമത് ബുക് ടെസ്റ്റിന്‍റെ അന്തിമ പരീക്ഷ നവംബര്‍ 20ന് (വെള്ളി) നടക്കും. ഇന്ത്യന്‍ സമയം രാവിലെ 5 മുതല്‍ ശനി പുലർച്ചെ 5 വരെയാണ് പരീക്ഷ.

ആര്‍ എസ് സി പോര്‍ട്ടലില്‍ ഓണ്‍ലൈനായി നടക്കുന്ന ബുക്‌ടെസ്റ്റില്‍ ജനറല്‍ വിഭാഗത്തിന് മലയാളത്തിലും വിദ്യാര്‍ഥികള്‍ക്ക് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഇംഗ്ലീഷിലുമാണ് പരീക്ഷ.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 16 വരെ നടത്തിയ യോഗ്യതാ പരീക്ഷയില്‍ വിജയികളായവരാണ് ഫൈനല്‍ പരീക്ഷ എഴുതുക. ഐപിബി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പരീക്ഷയുടെ അവലംബം. വിദ്യാര്‍ഥികള്‍ക്ക് നൗഫല്‍ അബ്ദുല്‍ കരീം രചിച്ച 'ദി ഇല്ല്യൂമിനേറ്റഡ് ലാന്‍റേണ്‍' എന്ന ഇംഗ്ലീഷ് പുസ്തകവും ജനറല്‍ വിഭാഗത്തിന് ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല രചിച്ച "അറഫാ പ്രഭാഷണം' എന്ന മലയാള പുസ്തകവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പ്രാഥമിക പരീക്ഷയില്‍ പങ്കെടുത്ത് യോഗ്യത നേടിയവര്‍ക്ക് ബുക് ടെസ്റ്റിനായി ഒരുക്കിയ പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം വഴി പരീക്ഷയെഴുതാം. ഓരോ വര്‍ഷവും പ്രവാചകന്‍റെ വ്യത്യസ്ത ദര്‍ശനങ്ങളെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്താണ് ആര്‍ എസ് സി ബുക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മലയാളികള്‍ വസിക്കുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഇത്തവണത്തെ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്.

അന്തിമ പരീക്ഷയില്‍ പൊതുവിഭാഗത്തില്‍ ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 50000, 25000 ഇന്ത്യന്‍ രൂപയും വിദ്യാര്‍ഥി വിഭാഗത്തില്‍ വിജയിക്കുന്നവര്‍ക്ക് യഥാക്രമം 10000, 5000 ഇന്ത്യന്‍ രൂപയുമാണ് സമ്മാനത്തുക. വിദ്യാര്‍ഥികളില്‍ ജൂണിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ നിന്ന് വെവ്വേറെ വിജയികളെ തിരഞ്ഞെടുക്കും.

വിവരങ്ങള്‍ക്കും ഫൈനല്‍ പരീക്ഷ എഴുതുന്നതിനും www.booktest.rsconline.org സന്ദര്‍ശിക്കാം.

റിപ്പോർട്ട്: സലിം കോട്ടയിൽ