സമീഹ ജുനൈദിന്‍റെ പുസ്തക പ്രകാശനം വേറിട്ട അനുഭവമായി
Thursday, January 14, 2021 3:01 PM IST
ദോഹ. ഖത്തറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി സമീഹ ജുനൈദിന്‍റെ പുസ്തക പ്രകാശനം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ ഒത്തുകൂടിയ സഹൃദയ സമൂഹത്തിന് വേറിട്ട അനുഭവമായി. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ നേതാക്കള്‍ ചേര്‍ന്നാണ് സമീഹയുടെ പ്രഥമ കാവ്യ സമാഹാരമായ വണ്‍ വേള്‍ഡ്, വണ്‍ ലൈഫ്, വണ്‍ യൂ, ബി യൂ എന്ന പുസ്തകം പ്രകാശനം ചെയ്തത്.

സമീഹ സ്‌ക്കൂളിന്‍റെ അഭിമാനതാരകവും യുവ തലമുറക്ക് മാതൃകയുമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡന്‍റ് ഡോ. എം. പി. ഹസന്‍ കുഞ്ഞിയും സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് ഷൗക്കത്തലിയും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് എ.പി, മണികണ്ടന്‍, നിയുക്ത പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ്. നിയുക്ത പ്രസിഡണ്ട് സിയാദ് ഉസ്മാന്‍, സി.ഐ.സി. പ്രസിഡണ്ട് കെ.ടി. അബ്ദുറഹിമാന്‍, മുന്‍ പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ്, ബ്രില്യന്റ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, യൂഗോ പേ വേ മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പറേറ്റ് റിലേഷന്‍സ് മേധാവി നൗഫല്‍ അബ്ദുറഹിമാന്‍, കള്‍ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റഷീദ് അലി, നടുമുറ്റം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ആബിദ സുബൈര്‍, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ കണ്‍വീനര്‍ ഫെമി ഗഫൂര്‍, റഹീപ് മീഡിയ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ മുഹമ്മദ് ഷാഫി, അല്‍ സഹീം ആര്‍ട്‌സ് & ഈവന്റ്‌സ് ബിസിനസ് ഡയറക്ടര്‍ ഗഫൂര്‍ കോഴിക്കോട്, സമീഹയുടെ സഹോദരന്‍ ഹിഷാം ജുനൈദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഇന്ത്്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ നിയുക്ത പ്രസിഡണ്ടുമായ ഡോ. മോഹന്‍ തോമസും, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ കെ. എം. വര്‍ഗീസും ഓണ്‍ ലൈനായി പ്രകാശന ചടങ്ങില്‍ സാന്നിധ്യം ഉറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡി നേതാക്കളുടെയും സാമൂഹ്യ രംഗത്തെ പ്രമുഖരുടേയും സാന്നിധ്യം പ്രകാശന ചടങ്ങിനെ സവിശേഷമാക്കി.

ഓരോരുത്തരും നിസ്തുലരാണെന്നും അനാവശ്യമായ താരതമ്യങ്ങളില്ലാതെ നിങ്ങള്‍ നിങ്ങളാകൂ എന്നവള്‍ മന്ത്രിക്കുമ്പോള്‍ ഉള്ളിലുയരുന്ന തീപ്പൊരി കെടുത്താന്‍ ഒരു കണ്ണുനീരിനും ശക്തിയില്ലെന്ന് ജീവിതത്തിലൂടെ ബോധ്യപ്പെടുത്തുകയാണ് സമീഹ. ഉള്‍വിളി തിരിച്ചറിഞ്ഞ് സ്വപ്നത്തിന്റെ ചിറകിലേറി ലക്ഷ്യത്തിലേക്ക് കുതിക്കുവാന്‍ ആഹ്വാനം ചെയ്യുന്നതാണ് സമീഹയുടെ ഓരോ വരിയും. മനസ്സിന്റെ ചില്ലയിലേക്ക് മഴക്കാറു വീശുമ്പോഴേ പേനയും കടലാസും കയ്യിലെടുത്ത് പ്രതീക്ഷയുടേയും പ്രത്യാശയുടേയും മനോഹരമായ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്ന ഈ പെണ്‍കുട്ടി എല്ലാ പരീക്ഷകളെയും പരീക്ഷണങ്ങളെയും വകഞ്ഞുമാറ്റി സര്‍ഗസഞ്ചാരത്തിന്റെ പുതിയ ലോകം സൃഷ്ടിക്കാമെന്നാണ് തെളിയിക്കുന്നത്.