പ്രവാസികൾക്ക് കരുത്ത്‌ പകർന്ന ബജറ്റ് : കല കുവൈറ്റ്
Saturday, January 16, 2021 2:44 AM IST
കുവൈറ്റ് സിറ്റി: ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയും വിവിധ പ്രവാസി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ചും ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച കേരള ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്. കേരളത്തിനും പ്രവാസി സമൂഹത്തിനും ഉണർവേകുന്ന ബജറ്റാണ് ഇതെന്നും കല കുവൈറ്റ് ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.

പ്രവാസികൾക്ക് മികച്ച പരിഗണനയാണ് ബജറ്റിൽ ലഭിച്ചിരിക്കുന്നത്. ക്ഷേമനിധി പെന്‍ഷന്‍ വിദേശത്തുള്ളവര്‍ക്ക് 3500 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 3000 രൂപയായും വര്‍ധിപ്പിച്ച ബജറ്റ് പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമാണ്. ഇതിനായി പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി ബജറ്റിന്‍റെ ഭാഗമായി പ്രഖ്യാപിച്ചു. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തി. മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. ഏറെ കാലത്തെ കലയുൾപ്പെടെയുള്ള സാംസ്കാരിക സംഘടനകളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

പ്രവാസി ക്ഷേമം കൂടാതെ വയോജനക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വനിതാക്ഷേമം തുടങ്ങി സർവ്വതലത്തിലും വിവിധ പദ്ധതികളും, ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റിൽ പ്രവാസികൾക്ക് നൽകിയ പരിഗണന ഇടതു സർക്കാറിന്‍റെ പ്രവാസികളോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണെന്നും, ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിനെ പൂർണമായും സ്വാഗതം ചെയ്യുകയാണെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ