ഗ്രാൻഡ് ഹൈപ്പർ ജഹ്റയില്‍ പ്രവർത്തനം ആരംഭിച്ചു
Friday, January 22, 2021 4:49 PM IST
കുവൈറ്റ് സിറ്റി: ജിസിസിയിലെ പ്രമുഖ റീടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 68-ാമത് ശാഖ ജഹ്റയിൽ പ്രവർത്തനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബുധനാഴ്ച രാവിലെ 11 നു ഉദ്ഘാടനം ഷെയ്ഖ് ദാവൂദ് സൽമാൻ അസ്സബാഹ് നിർവഹിച്ചു.

ജഹ്റ ബ്ലോക്ക് നാലിൽ ഹയവീൻ മാളിൽ ഒറ്റനിലയിൽ 2000 ചതുരശ്ര മീറ്ററിലാണ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തനസജ്ജമാക്കിയിട്ടുള്ളത്. സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാ മുൻകരുതൽ നടപടികളും ഗ്രാൻഡ് ഹൈപ്പർ സ്വീകരിച്ചിട്ടുണ്ട്. ഗ്രാൻഡിന്‍റെ കുവൈറ്റിലെ 22-ാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.

ജഹ്‌റയിലും പ്രവർത്തനം ആരംഭിച്ചതോടെ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും ശാഖകൾ നിലവിൽവന്നു. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് മുഖ്യ രക്ഷാധികാരി ജാസിം മുഹമ്മദ് അൽ ഷറ, ക്യാപ്റ്റൻ സാദ് മുഹമ്മദ് ഹമദ, റീജനൽ ഡയറക്ടർ അയ്യൂബ് കചേരി, ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, തഹ്‌സീർ അലി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ റാഹിൽ ബാസ്സിം, അസ്‌ലം ചേലാട്ട്, ബിസിനസ് ഡെവലപ്മെൻറ് മാനേജർ സാനിൻ വസിം, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു.ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈറ്റിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ