കുവൈറ്റിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
Friday, January 22, 2021 5:39 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് ശക്തമായ മൂടൽമഞ്ഞുമൂലം കാഴ്ച മറയ്ക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകി. അടിയന്തര സാഹചര്യങ്ങളിൽ 112 നമ്പറില്‍ വിളിക്കാൻ മന്ത്രാലയം അഭ്യര്‍ഥിച്ചു.

കുവൈറ്റില്‍ തണുപ്പിന്‍റെ കാഠിന്യം ദിനംപ്രതി കൂടിവരികയാണ്. മുറിയിൽ ജനാലകൾ അടച്ചിരുന്നാലും തണുപ്പ് അരിച്ചിറങ്ങുന്ന അവസ്ഥയാണ്. രാവിലെയും രാത്രിയും മാത്രം അനുഭവപ്പെട്ടിരുന്ന തീവ്രമായ തണുപ്പ് ഇപ്പോൾ പതിയെ പകൽ മുഴുവനുമായിരിക്കുന്നു. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. തീരദേശങ്ങളിൽ ശീതക്കാറ്റും വീശുന്നുണ്ട്. രാവിലെയും വൈകിട്ടും കുറച്ച് സമയം മാത്രമാണ് കാര്യമായി സൂര്യപ്രകാശം ലഭിക്കുന്നത്. അതിനിടെ ആസ്ത്മയടക്കമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ തണുപ്പ് കൂടുന്ന സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ