"പ്രവാസികളോടുള്ള ക്രൂരത കേന്ദ്ര സർക്കാർ അവസാനിപ്പിക്കുക'
Friday, February 26, 2021 4:37 PM IST
റിയാദ്: വിദേശത്തുനിന്നു വരുന്ന പ്രവാസികൾ വലിയൊരു തുക ചെലവാക്കി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുമായി ഇന്ത്യയിലെ എയർപോർട്ടുകളിലെത്തുമ്പോൾ അവിടെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാകേണ്ടി വരുന്നതും അതിനായി വലിയ തുക നൽകേണ്ടിവരുന്നതും പ്രവാസികളെ പീഡിപ്പിക്കുന്നതിനും കൊള്ളയടിക്കുന്നതിനും തുല്യമാണ്.

കുടുംബവുമായി എത്തുന്ന പ്രവാസികൾക്ക് ടെസ്റ്റുകൾക്കായി നൽകേണ്ടി വരുന്നത് ഭാരിച്ച തുകയാണ്. ഇത് സാധാരണ പ്രവാസികളുടെ നെട്ടെല്ലൊടിക്കുന്ന മനുഷ്യത്വ രഹിതമായ നടപടിയാണ്. കോവിഡ് കാലത്തുടനീളം വലിയ അവഗണനയാണ് കേന്ദ്ര സർക്കാരിൽനിന്നും പ്രവാസികൾക്ക് നേരിടേണ്ടി വരുന്നത്. അതിനുദാഹരണമാണ്, ദുബായിൽ കുടുങ്ങിക്കിടക്കുന്ന സൗദി - കുവൈറ്റ് യാത്രികരായ പ്രവാസികളെ സഹായിക്കാനുള്ള ഒരു നടപടിയും കേന്ദ്ര സർക്കാർ ഇതുവരേയും കൈകൊള്ളാത്തത്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് നെഗറ്റിവ് റിസൾട്ടുമായി വരുന്ന പ്രവാസികൾക്ക് വീണ്ടും ടെസ്റ്റ് നടത്തുന്ന രീതിയിൽ നിന്നും പിൻവാങ്ങണമെന്നും കുറഞ്ഞപക്ഷം അവരിൽ നിന്നും പണം ഈടാക്കുന്ന രീതിയെങ്കിലും ഒഴിവാക്കണമെന്ന് നവോദയ റിയാദ് അഭ്യർഥിച്ചു.