കല കുവൈറ്റ് പ്രതിഷേധിച്ചു
Friday, April 9, 2021 7:00 PM IST
കുവൈറ്റ് സിറ്റി : കവിയും ഗാന രചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയില്‍ കേരള ആർട്ട് ലവേഴ്സ് അസോസിഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു.

"മനുഷ്യനാകണം' എന്ന ഗാനം രചിച്ചതിനാണ് വധഭീഷണി. വധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരാൾ ഫോണില്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. മനുഷ്യതുല്യതക്ക് വേണ്ടി എഴുതുന്നവരെയും പാടുന്നവരെയും നിശബ്ദരാക്കാന്‍ മതവര്‍ഗീയ തീവ്രവാദികള്‍ വലിയ ശ്രമങ്ങള്‍ നടത്തുകയാണ്. കേരളത്തിലും ഇത്തരം ഭീഷണികള്‍ ഇതിനു മുമ്പും എഴുത്തുകാര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഈ രീതിയിലുള്ള മനുഷ്യവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കേരളത്തിലെ എഴുത്തുകാരും കലാകാരന്മാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും വലിയ പ്രതിരോധങ്ങള്‍ ഉയര്‍ത്തുകയാണ്. ഉന്നതമായ മനുഷ്യസ്‌നേഹം മുന്നോട്ടുവച്ച് ജനാധിപത്യത്തിനും സര്‍ഗാത്മകതക്കുമെതിരായ ഇത്തരം കടന്നാക്രമണങ്ങളെ കേരളം പ്രതിരോധിക്കുക തന്നെ ചെയ്യും.

ചോരപ്പുഴ ഒഴുക്കാനുള്ള തീവ്രവാദശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും സമൂഹത്തിൽ വര്‍ഗീയ തീവ്രവാദ മുക്തമാക്കാനുള്ള ശക്തമായ ഇടപെടലിന് മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന പൊതുസമൂഹം തയാറാവണമെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് , ജനറല്‍ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവര്‍ പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു

റിപ്പോർട്ട്: സലിം കോട്ടയിൽ