ഏഴ് കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കൂടി തുറന്നു
Sunday, April 11, 2021 4:16 PM IST
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഏഴ് കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കൂടി തുറന്നതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ കേന്ദ്രങ്ങൾ 22 ആകും. പള്ളികള്‍ , വിമാനത്താവളം, കമേഴ്സ്യൽ കോംപ്ലക്സ്, സലൂൺ തുടങ്ങി വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്ക് കുത്തിവെപ്പ് എടുക്കുവാന്‍ പത്തോളം മൊബൈൽ വാക്സിനേഷൻ യൂണീറ്റുകളും തയാറാക്കും. വാക്സിനുകള്‍ കൃത്യമായി വിദേശങ്ങളില്‍ നിന്നും എത്തുന്നതിനാല്‍ നിലവില്‍ രാജ്യത്ത് വാക്സിൻ ക്ഷാമമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

റമദാനിലും വാക്സിനേഷന്‍ തുടരുന്നത് രാജ്യത്ത് പരമാവധി വേഗത്തിൽ വാക്സിനേഷൻ ദൗത്യം പൂർത്തീകരിക്കുവാന്‍ സഹായകരമാകും. പുതിയ കേന്ദ്രങ്ങള്‍ കൂടി വരുന്നതോടെ പ്രതിദിനം ഇരുപത്തി അയ്യായിരത്തോളം പേര്‍ക്ക് കുത്തിവെപ്പ് നല്കുവാന്‍ സാധിക്കും. സെപ്റ്റംബറോടെ ഭൂരിഭാഗം പേര്‍ക്കും വാക്സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു.

റിപ്പോർട്ട്; സലിം കോട്ടയിൽ