ഗള്‍ഫ്‌ മേഖലയിലെ അംബാസഡര്‍മാരുടെ യോഗം വിളിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
Sunday, June 13, 2021 11:03 AM IST
കുവൈറ്റ് സിറ്റി : ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യോഗം നടത്തി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ഗള്‍ഫിലെയും ഇറാനിലെയും അംബാസിഡര്‍മാരുമായി കുവൈത്തില്‍ വെച്ച് ചര്‍ച്ച നടത്തുകയായിരുന്നു.

അംബാസിഡര്‍മാരുമായി നടത്തിയ കൂടികാഴ്ച ഫലപ്രദമായിരുന്നുവെന്നും ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയതായും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെയും ഗള്‍ഫ്‌ മേഖലയിലെ ഇന്ത്യന്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും യാത്ര ദുരിതങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

റിപ്പോർട്ട് : സലിം കോട്ടയിൽ