ടിക്കറ്റുകള്‍ കിട്ടാനില്ല ; ആശങ്കയിലായി കുവൈറ്റ് പ്രവാസികള്‍
Wednesday, July 28, 2021 4:00 PM IST
കുവൈറ്റ് സിറ്റി : ഓഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് കുതിച്ചുയര്‍ന്നു. മാസങ്ങളായി സ്വന്തം രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ തിരിച്ചെത്താന്‍ നെട്ടോട്ടമോടുന്നിടെയാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയത്. ഇന്ത്യ, ഇജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ലഭ്യമാവാത്ത സ്ഥിതിയാണ് ഏറ്റവും വലിയ തിരിച്ചടി.

വണ്‍ വേ ടിക്കറ്റിനായി 250 മുതല്‍ 400 ദിനാറാണ് ഈടാക്കുന്നത്. കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും ട്രാവല്‍ ഏജന്‍സികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിദിനം 5,000 യാത്രക്കാര്‍ക്കാണ് അനുമതി നല്‍കുക. ഇപ്പോയത്തെ എയര്‍പോര്‍ട്ട് പ്രവർത്തന ശേഷി വർധിപ്പിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മിക്ക ഇൻകമിംഗ് ഫ്ലൈറ്റുകളുടെ സീറ്റിംഗ് കപ്പാസിറ്റിയും ഫുള്‍ ആയിരിക്കുകയാണ്. അതിനിടെ അധിക സര്‍വീസുകള്‍ നടത്തുവാന്‍ വിമാന കമ്പനികളെ അനുവദിക്കില്ലെന്ന് സിവില്‍ വ്യോമയാന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വിമാനത്താവളം ഇപ്പോയും ഭാഗികമാണ് പ്രവര്‍ത്തിക്കുന്നത്. വിമാന സര്‍വീസുകളുടെ ലഭ്യത കുറവും പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാലാണ് ടിക്കറ്റ് റേറ്റില്‍ വന്‍ വര്‍ധനക്ക് കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. തിരിച്ച് വരുന്ന പ്രവാസികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാന ടിക്കറ്റ് നിരക്ക് ഇനിയും കൂടാന്‍ ആണ് സാധ്യത.

റിപ്പോർ‌ട്ട് : സലിം കോട്ടയിൽ