ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ അറുപതാം വാർഷികം ആഘോഷിക്കാരുങ്ങി ഇന്ത്യന്‍ എംബസി
Friday, October 15, 2021 11:57 AM IST
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി നാഷണൽ കൗൺസിൽ ഓഫ് കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സുമായി ചേർന്ന് ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ അറുപതാം വാർഷികം ആഘോഷിക്കുന്നു.

ഡിസംബർ 2 ന് ഷെയ്ഖ് മുബാറക് കിയോസ്ക് മ്യൂസിയത്തിൽ "ഇന്ത്യ ഡേ" സംഗീത പരിപാടിയോടെ ആഘോഷം ആരംഭിക്കുമെന്ന് എന്‍സികാല്‍ സെക്രട്ടറി ജനറല്‍ കമേൽ അബ്ദുൽ ജലീലും ഇന്ത്യൻ അംബാസഡർ സിബി ജോർജും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇരു രാജ്യങ്ങളുടേയും ചരിത്ര വഴികളെ അടയാളപ്പെടുത്തുന്ന നിരവധി പരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കമേൽ അബ്ദുൽ ജലീല്‍ പറഞ്ഞു. സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ഊർജ്ജസ്വലവും ചലനാത്മകവുമായ പങ്കാളിത്തത്തിന്‍റെ സുപ്രധാന നാഴികക്കല്ലാണ് ഈ ആഘോഷ പരിപാടികളെന്നും വിവിധ പരിപാടികളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു.

ഡിസംബർ 5 മുതൽ ഡിസംബർ 9 വരെ 5 ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യൻ സാംസ്കാരിക വാരം കുവൈറ്റ് നാഷണൽ ലൈബ്രറിയിൽ നടത്തും. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചുള്ള സെമിനാർ, ഇന്ത്യൻ സാംസ്കാരിക പ്രകടനങ്ങൾ, ഇന്ത്യൻ സിനിമകളുടെ പ്രദർശനം, ഇന്ത്യയിലെ വെൽനസ് ടൂറിസത്തെക്കുറിച്ചുള്ള സെമിനാർ എന്നിവയുൾപ്പെടെ പരിപാടികളും ഈ കാലയളവില്‍ സംഘടിപ്പിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം 2022 ജൂലൈ 3 ന് സമാപിക്കുക.

-സലിം കോട്ടയിൽ