കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ഭരണഘടനാ ദിനം സംഘടിപ്പിച്ചു
Saturday, November 27, 2021 3:11 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഭരണഘടന ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും ക്ഷണിക്കപ്പെട്ട പ്രതിനിധികളും പങ്കെടുത്ത ചടങ്ങിന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി.

സംവിധാൻ ദിവസ് ആഘോഷത്തിന്‍റെ ഭാഗമായി "ഇന്ത്യയുടെ ഭരണഘടന നിർമാണം' വിഷയത്തിൽ എംബസി ലൈബ്രറിയിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം അംബാസഡർ സിബി ജോർജും പത്നി ജോയ്‌സ് സിബിയും ചേർന്നു ഉദ്‌ഘാടനം ചെയ്തു.

ഡോ. അംബേദ്കറുടെ പുസ്തകങ്ങളും ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശങ്ങളും കടമകളും ഉൾപ്പെടെ ഇന്ത്യൻ ഭരണഘടനയിലെ പ്രധാന ലേഖനങ്ങളുടെ പ്രദർശനവും ഹാളിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ സ്ഥാപകർക്ക് അംബാസഡർ ആദരാഞ്ജലികൾ അർപ്പിച്ചു.ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് സിബി ജോര്‍ജ് ഭരണഘടനയുടെ ആമുഖം വായിച്ചു.

പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് കെട്ടിപ്പടുത്ത് എല്ലാ പൗരന്മാർക്കും വരും തലമുറക്കും നീതിയും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കാനാണ് രാഷ്ട്ര നിർമാതാക്കൾ കഠിനാധ്വാനം ചെയ്തതെന്നും അംബാസഡർ പറഞ്ഞു.

നമ്മുടെ ഭരണഘടനയുടെ പ്രാധാന്യവും സ്വാധീനവും മനസിലാക്കാൻ ശ്രമിക്കണമെന്നും എല്ലാ വർഷവും നടത്തുന്ന ഭരണഘടന ദിനാചരണം അതിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർക്കും നീതിയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ വ്യവസ്ഥകൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അംബാസഡർ സിബി ജോർജ് എടുത്തുപറഞ്ഞു. ഫേസ്ബുക്ക് ലൈവ് വഴി ആയിരങ്ങളാണ് ചടങ്ങ് വീക്ഷിച്ചത്.

സലിം കോട്ടയിൽ