ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശം കര്‍ശനമായി പാലിക്കണമെന്ന് സ്കൂള്‍ അധികൃതര്‍
Sunday, January 9, 2022 4:48 PM IST
കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പൊതു,സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും പ്രൈമറി,അപ്പര്‍ പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാകുന്നു. അതിനിടെ സ്കൂളുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

പ്രൈമറി ക്ലാസുകളിലും അപ്പര്‍ പ്രൈമറി ക്ലാസുകളിലും അടുത്താഴ്ച വരെ താല്‍ക്കാലികമായാണ് ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ കൊറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശകളിൽ തീരുമാനമെടുക്കുന്നത് നീട്ടിവച്ചിരുന്നു.സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധമായ ഒരു തീരുമാനവും ഔദ്യോഗികമായി കൈകൊണ്ടില്ല. അതിനിടെ ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠനം നടത്തുവാന്‍ മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ന്യൂഇയര്‍- ക്രിസ്മസ് അവധിക്കായി നാട്ടില്‍ പോയി തിരികെ വന്ന അധ്യാപകര്‍ ഹോം ക്വാറന്റൈൻ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അധ്യാപക ക്ഷാമത്തെ തുടര്‍ന്നാണ്‌ ഓണ്‍ലൈന്‍ പഠനം തുടരുവാന്‍ വിദ്യാലയങ്ങള്‍ അപേക്ഷിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ഉത്കണ്ഠപ്പടേണ്ടെന്നും കൃത്യമായ മുൻകരുതൽ നടപടികളും ആരോഗ്യ ജാഗ്രതയുമാണ് വേണ്ടതെന്നും അൽ അദാൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് എമർജൻസി യൂണിറ്റ് മേധാവി ഡോ. മർസൂഖ് അൽ അസ്മി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്കൂളുകൾ തുറക്കുന്നതാണ് നല്ലതെന്നും ഓൺ‌ലൈനിലേക്ക് വീണ്ടും പോകുന്നത് വിദ്യാർത്ഥികൾക്ക് ഗുരുതരമായതും പ്രതികൂലവും മാനസികവുമായ സ്വാധീനത്തിന് കാരണമാകുമെന്നും അൽ അസ്മി അൽ വ്യക്തമാക്കി.

സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ യുണിസെഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ ഉണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്കൂളുകൾ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഠനങ്ങൾ അനുസരിച്ച് പുതിയ വകഭേദമായ ഒമൈക്രോൺ കുട്ടികളില്‍ തീവ്രത കുറഞ്ഞതും അപകടകരവുമാണെന്ന് ഡോ. അൽ-അസ്മി ചൂണ്ടിക്കാട്ടി.

സലിം കോട്ടയിൽ