സോഷ്യൽ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നിവേദനം നൽകി
Monday, January 10, 2022 5:03 PM IST
ജിദ്ദ: ഏഴു ദിവസത്തെ ക്വാറന്റൈനുശേഷം വീണ്ടും പരിശോധന നടത്തണമെന്നും പരിശോധന ഫലമനുസരിച്ച് വീണ്ടും കടുത്ത നിബന്ധനകൾ പാലിക്കണമെന്നുമുള്ള തീരുമാനങ്ങൾ പ്രവാസികളെ ബുദ്ധിമുട്ടിക്കാനും സാമ്പത്തികമായി ചൂഷണം ചെയ്യാനുള്ള പദ്ധതിയാണെന്ന് സോഷ്യൽ ഫോറം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവദേനത്തിൽ പറഞ്ഞു.


പ്രവാസികളോട് കാണിക്കുന്നത് തികഞ്ഞ ക്രൂരതയും കൊടിയ വഞ്ചനയുമാണ്. ദിനേന കോവിഡ് വ്യാപനത്തിന്റെ കണക്ക് വിടുന്നതല്ലാതെ വ്യവസ്ഥാപിതമായ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണ് സർക്കാർ. അതേ സമയം വിദേശത്തുനിന്നും നാട്ടിലേക്കു വരുന്ന പ്രവാസികൾ ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം പ്രവാസികളോട് സർക്കാർ സ്വീകരിക്കുന്ന വഞ്ചനാപരമായ സമീപനമാണ്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും എല്ലാ നിബന്ധകളും നിർദ്ദേശങ്ങളും പാലിച്ചാണ് ഓരോപ്രവാസിയും നാട്ടിലേക്കുള്ള വിമാനത്തിൽ എത്തുന്നത്. രണ്ടു ഡോസ് പ്രതിരോധ കുത്തിവ‌‌യ്പെടുത്ത് കോവിഡ് ടെസ്റ്റും കഴിഞ്ഞാണ് വിദേശങ്ങളിൽനിന്ന് പ്രത്യേകിച്ച് സൗദിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്നത്. ബൂസ്റ്റർ ഡോസും സ്വീകരിച്ചവരാണ് ഭൂരിഭാഗവും. അതിനു പുറമെ എയർപോർട്ടുകളിലും ചെലവേറിയ ടെസ്റ്റിന് വിധേയരാവേണ്ടിവരുന്നു. അതുപോലും പരിഗണിക്കാതെയുള്ള നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് ക്രൂരതയാണ്.

തികച്ചും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു യാത്രചെയ്യുന്ന പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സർക്കാരും പോലീസും കൈക്കൊള്ളുന്ന വിവേചനപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും കോഓർഡിനേറ്റർ ബഷീർ കാരന്തൂർ, സൈദലവി ചുള്ളിയൻ (റിയാദ്), ഫൈസൽ മമ്പാട് (ജിദ്ദ), കുഞ്ഞിക്കോയ താനൂർ (ജുബൈൽ), മൻസൂർ എടക്കാട് (ദമ്മാം), മുഹമ്മദ് കോയ ചേലേമ്പ്ര (അബഹ) എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കെ.ടി. മുസ്തഫ പെരുവള്ളൂർ