കുവൈറ്റ് കടുത്ത ശൈത്യത്തിലേക്ക്
Wednesday, January 19, 2022 10:56 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കടുത്ത തണുപ്പ് തുടരുമെന്നും രാത്രിയിൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യൂറോപ്യൻ വടക്കുപടിഞ്ഞാറൻ കാറ്റിന്‍റെ വ്യാപനമാണ് കുവൈറ്റിൽ തണുപ്പ് കൂടുവാൻ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലെ പരമാവധി താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 1 മുതൽ 5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും അൽ ഖറാവി പറഞ്ഞു. വ്യാഴാഴ്ചയോടെ ശക്തമായ തണുത്ത കാറ്റ് പ്രതീക്ഷിക്കുന്നതായും വിവിധ പ്രദേശങ്ങളിൽ പൊടിപടലത്തിന് കാരണമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ മരുഭൂമി പ്രദേശങ്ങളിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കാമെന്നും ശനിയാഴ്ച വരെ തണുപ്പ് തുടരുമെന്നും അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.

സലിം കോട്ടയിൽ