സമുദ്രാന്തര കേബിളുകളുടെ തകരാറുകൾ പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍
Sunday, January 23, 2022 4:53 PM IST
കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര മറൈൻ കേബിൾ മുറിഞ്ഞതിനെ തുടര്‍ന്നുള്ള ഇന്‍റർനെറ്റ് തകരാറുകൾ പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.വിവിധ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തകരാറ് ഭാഗികമായി നേരെയാക്കിയെങ്കിലും പൂർവസ്ഥിതിയിൽ എത്തിയിട്ടില്ല.

അന്തർവാഹിനി കേബിളുകളുടെ അറ്റകുറ്റപ്പണികൾ ഏകദേശം 4 മുതൽ 5 ആഴ്‌ച വരെ എടുത്തേക്കുമെന്ന് കേബിള്‍ കമ്പനികള്‍ സൂചിപ്പിച്ചു. ഭൂമിക്കടിയിലൂടെയും കടലിനടിയിലൂടെയും വ്യാപിച്ച് കിടക്കുന്ന വാര്‍ത്താ വിനിമയ കേബിള്‍ ശ‍ൃംഖലകളാണ് മുറിഞ്ഞത്.

കേബിളുകള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഇന്‍റര്‍നെറ്റ് തടസപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.അതിനിടെ കുവൈത്തിലെ ഇന്റർനെറ്റ് ദാതാക്കളുടെയും കമ്പനികളുടെയും അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അന്താരാഷ്ട്ര സർക്യൂട്ടുകൾ സമാന്തര കേബിളുകളിലേക്ക് മാറ്റിയിട്ടുണ്ട്.

മത്സ്യബന്ധന ട്രോളറുകളെ തുടര്‍നാണ് സമുദ്രാന്തര കേബിളുകള്‍ക്ക് കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതേസമയം ഇത്തരം തകരാറുകള്‍ നിരന്തരം ഉണ്ടാകുന്നതിനാല്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ചും മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര മറൈൻ കേബിളിൽ ആദ്യത്തെ തകരാർ സംഭവിച്ചത് മസ്‌കറ്റിൽ നിന്ന് ദുബായിലേക്കും രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് ഇറാനിലേക്കും മൂന്നാമത്തേത് യെമനിലെ ഒരു സ്‌റ്റേഷനു സമീപമുള്ളതുമാണെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് ഇന്‍റർനെറ്റ് സേവനം തടസ്സപ്പെട്ടില്ലെന്നും നെറ്റ് വേഗതയാണ് കുറഞ്ഞതെന്നും ഇന്റർനെറ്റ് ട്രാഫിക്കിന്റെ 85% പുനഃസ്ഥാപിച്ചതായും ഇന്റര്‍നെറ്റ്‌ സേവനദാതാക്കള്‍ അറിയിച്ചു. ജിസിഎക്സ് കമ്പനിയുമായി നിരന്തരം ബന്ധപ്പെടുന്നതായും വരും ദിവസങ്ങളില്‍ തകരാറുകൾ പരിഹരിക്കുമെന്നും സിട്ര അറിയിച്ചു.

സലിം കോട്ടയിൽ