ചങ്ങനാശേരി സ്വദേശിയെ തുടർ ചികിത്സക്കായി നാട്ടിലേക്ക് അയച്ചു
Monday, January 24, 2022 1:22 PM IST
കുവൈറ്റ് സിറ്റി : പക്ഷാഘാതം മൂലം ശരീരം തളർന്നുപോയ മലയാളിയെ എംബസിയുടെ സഹകരണത്തോടെ കെഡിഎകെ തുടർ ചികിത്സക്കായി നാട്ടിലേക്ക് അയച്ചു

ചങ്ങനാശേരി സ്വദേശി തങ്കച്ചൻ ആന്‍റണിയെയാണ് ഇന്നലെ തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. ഗൾഫ് എൻജിനിയറിംഗ് കന്പനിയുടെ കീഴിൽ അൽ ആദാൻ ആശുപത്രിയിലെ മെയിന്‍റനൻസ് സൂപ്പർ വൈസറായിരുന്ന തങ്കച്ചനെ ജനുവരി ആറിനാണ് പക്ഷാഘാതത്തെ തുടർന്നു അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കുശേഷം ഒരു വശം പൂർണമായി തളർന്നു സംസാരശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട തങ്കച്ചനെ, ഏതാനും ദിവസങ്ങൾക്കുശേഷം, കൂടുതൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിൽ തുടർ ചികിത്സ നിർത്തിവയ്ക്കുകയായിരുന്നു.

കമ്പനിയുടെ ഭാഗത്തു നിന്നും മറ്റു നടപടികളൊന്നും ഉണ്ടാകാഞ്ഞ സാഹചര്യത്തിൽ സാമൂഹിക പ്രവർത്തകർ വഴി കോട്ടയം ഡിസ്ട്രിക് അസോസിയേഷൻ കുവൈറ്റു (കെഡിഎകെ) മായി
ബന്ധപ്പെട്ടു. കെഡിഎകെ ഭാരവാഹികൾ തങ്കച്ചനെ സന്ദർശിച്ച് വിവരം സ്ഥാനപതി സിബി ജോർജിനെ ‌അറിയിക്കുകയും സ്ഥാനപതിയുടെ നിർദേശപ്രകാരം എംബസി ലേബർ വിഭാഗം
കമ്പനി അധികൃതരെ ബന്ധപ്പെട്ടു സത്വര നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കുവൈറ്റ് എയർവേഴ്‌സ് വിമാനത്തിൽ കന്പനിയുടെ ഒരു പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി തങ്കച്ചൻ കൊച്ചിയിലേക്കാണ് യാത്ര തിരിച്ചത്. രാത്രിയിൽ തന്നെ ഇദ്ദേഹത്തെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

സലിം കോട്ടയിൽ