സെയ്താലിക്കുട്ടിക്ക് മൈന്‍റ് ട്യൂണ്‍ ഇക്കോ വേവ്‌സിന്‍റെ ആദരം
Monday, January 24, 2022 3:06 PM IST
ദോഹ: ഖത്തറിലെ ജൈവകൃഷിയുടെ ഉപാസകനായ കായല്‍മഠത്തില്‍ സെയ്താലിക്കുട്ടിക്ക് മൈന്‍റ് ട്യൂണ്‍ ഇക്കോ വേവ്‌സിന്‍റെ ആദരം. വുകൈറിലുള്ള സെയ്താലിക്കുട്ടിയുടെ കൃഷിയിടത്തിലെത്തിയാണ് മൈന്‍റ് ട്യൂണ്‍ പ്രവര്‍ത്തകര്‍ സെയ്താലിക്കുട്ടിയെ ആദരിച്ചത്.

മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും പരിസ്ഥിതി സംരക്ഷണത്തിനും ശുദ്ധമായ ഭക്ഷ്യ സംസ്‌കാരത്തിനും കാരണക്കാരനാവുകയും ചെയ്യുകയെന്നത് മഹത്തായ കാര്യമാണ് മരുഭൂമിയെ മലര്‍വാടിയാക്കാനും പച്ചപ്പിനാല്‍ പൊതിഞ്ഞ് സംരക്ഷിക്കാനും നടത്തുന്ന ശ്രമങ്ങള്‍ പരിഗണിച്ചാണ് സെയ്താലിക്കുട്ടിയെ ആദരിക്കുന്നതെന്ന് മൈന്‍ഡ് ട്യൂണ്‍ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പ്രവാസ ലോകത്ത് നാലു പതിറ്റാണ്ടുകാലം സജീവമായ കൃഷിയിലേര്‍പ്പെട്ട പ്രകൃതി സ്‌നേഹിയെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ലെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

മൈന്‍റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്ലോബൽ സെക്രട്ടറി ജനറല്‍ മശ്ഹൂദ് തിരുത്തിയാട് സെയ്താലിക്കുട്ടിക്ക് മൊമെന്‍റോ സമ്മാനിച്ചു. ഗ്ലോബൽ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, അബ്ദുല്ല പൊയില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അബ്ദുല്ല. വി,പി, മുത്തലിബ് മട്ടന്നൂര്‍, ജാഫര്‍ മുറിച്ചാണ്ടി , ഷമീര്‍ പി.എച്ച് എന്നിവർ സംസാരിച്ചു. യൂസഫ് കായല്‍മാടത്തില്‍, റസാഖ് കായല്‍മഠത്തില്‍ നാസര്‍ കായല്‍ മഠത്തില്‍, മുഹമ്മദ് ശരീഫ്, നൗഫല്‍ കുറ്റൂര്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. സെയ്താലിക്കുട്ടി നന്ദി പറഞ്ഞു.

മലപ്പുറം ജില്ലയിലെ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടര്‍ നടക്കാവിലെ കാര്‍ഷിക കുടുംബമായ കായല്‍മഠത്തില്‍ ജനിച്ചുവളര്‍ന്ന സെയ്താലിക്കുട്ടി, ചെറുപ്പം മുതലേ കൃഷിയോട് താല്‍പര്യമുള്ള പ്രകൃതമായിരുന്നു. യൗവ്വനാരംഭത്തിലേ ഖത്തറിലെത്തിയ അദ്ദേഹം കണ്ടു വളര്‍ന്ന കൃഷി സംസ്‌കാരം മരുഭൂമിയിലും പരീക്ഷിച്ച് വിജയം വരിച്ചത് പ്രവാസി സമൂഹത്തിന് മാതൃകയാണ് . മനസുവച്ചാല്‍ അത്യാവശ്യം വേണ്ട പച്ചക്കറികളെല്ലാം സ്വന്തമായി കൃഷി ചെയ്യാമെന്ന മഹത്തായ പാഠമാണ് അദ്ദേഹം നല്‍കുന്നത്. മണ്ണ് ചതിക്കില്ലെന്നത് പരമാര്‍ഥമാണെന്നാണ് തന്‍റെ ജീവിതാനുഭവമെന്ന് സെയ്താലിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതല്‍ കൃഷിയിറക്കാന്‍ പ്രോല്‍സാഹനമാണ്.

മരുഭൂമിയില്‍ കൃഷി ചെയ്യുക ശ്രമകരമായ ജോലിയാണ്. മണ്ണൊരുക്കിയും വളം ചേര്‍ത്തും നനച്ചും കൃഷിയെ പരിചരിക്കണമെങ്കില്‍ നല്ല ക്ഷമയും കൃഷിയോട് താല്‍പര്യവും വേണം. ഓരോ സീസണിലും എന്തൊക്കെ കൃഷി ചെയ്യണമെന്നതിനെക്കുറിച്ചും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നതിനെക്കുറിച്ചും നല്ല ധാരണ വേണം. നിരന്തരമായ പരിശ്രമം കൊണ്ട് പലതും പഠിച്ചെടുത്താണ് ജൈവ കൃഷിയുടെ ഉപാസകനായി ഈ പ്രവാസി മലയാളി ശ്രദ്ധേയനാകുന്നത്.