കേളി ഉമ്മുൽഹമാം നോർത്ത് യൂണിറ്റിനു പുതിയ നേതൃത്വം
Tuesday, January 25, 2022 3:28 PM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി ഉമ്മുൽഹമാം നോർത്ത് യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടന്നു.

ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങളും മേയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളങ്ങളും നടക്കും.

ഉമ്മുൽഹമാം സന്ദീപ് നഗറിൽ നടന്ന സമ്മേളനം മുറൂജ് യൂണിറ്റ് അംഗം ഷിഹാബുദ്ദീൻ കുഞ്ചിസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ പി.സുരേഷ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എം. അൻസാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സുരേഷ്‌ വരവു-ചെലവും റിപ്പോർട്ടും കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, അൻസാർ കെ.എം. എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

ഏരിയ സെക്രട്ടറി പ്രദീപ് രാജ് അവതരിപ്പിച്ച പാനലിൽ നിന്ന് പുതിയ യൂണിറ്റ് കമ്മിറ്റിയേയും പുതിയ കമ്മിറ്റി ചേർന്ന് കെ. ഷാജഹാൻ (പ്രസിഡന്‍റ്), കെ.എം. അൻസാർ (സെക്രട്ടറി), ഹരിലാൽ ബാബു (ട്രഷറർ) എന്നിവരെ പുതിയ യൂണിറ്റ് ഭാരവാഹികളായും തെരഞ്ഞെടുത്തു.

ഏരിയ ട്രഷറർ നൗഫൽ സിദ്ദിഖ് ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ഗഫൂർ, സുകേഷ് കുമാർ, മധു എടപ്പുറത്ത്, ഏരിയ രക്ഷാധികാരി സമിതി അംഗം അബ്ദുൾ കലാം, സെൽവ കൃഷ്ണൻ, രക്ഷാധികാരി കമ്മിറ്റി അംഗം ചന്തു ചൂടൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ സെക്രട്ടറി കെ.എം. അൻസാർ നന്ദി പറഞ്ഞു.