പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റി മുൻ ഡയറക്ടർക്കെതിരെ നടപടി
Thursday, January 27, 2022 4:41 PM IST
കുവൈറ്റ് സിറ്റി : പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ മുൻ ഡയറക്ടർ ഫഹദ് അൽ രാജക്കെതിരെ സ്വിസ് കോടതിയിൽ പുതിയ കേസുകൾ ഫയൽ ചെയ്യാനൊരുങ്ങി കുവൈറ്റ് സര്‍ക്കാര്‍.

നേരത്തെ കള്ളപ്പണം നിക്ഷേപിച്ചതുൾപ്പെടെയുള്ള കേസുകള്‍ ബ്രിട്ടീഷ് കോടതികളിൽ ഫത്വ ആൻഡ് ലെജിസ്‌ലേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് കോടതികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ പുതിയ കേസുകൾ സ്വിസ് കോടതികൾ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫഹദ് അൽ രാജ രാജ്യത്തു നിന്നു കടത്തികൊണ്ടുപോയ പണം മരവിപ്പിക്കാന്‍ കുവൈറ്റ് സ്വിസ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

അഴിമതിക്കതിരെ ശക്തമായ നടപടികളാണ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. അഴിമതി നടത്തുകയും പൊതുമുതൽ ദുരുപയോഗം ചെയ്യുന്നതും എത്ര ഉന്നതരായാലും വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. സ്വദേശികൾക്കും വിദേശികൾക്കും അഴിമതിയെ കുറിച്ച് വിവരം നൽകാവുന്നതാണ്. ലഭിച്ച വിവരത്തിന്‍റെ ആധികാരികത അഴിമതി വിരുദ്ധ അതോറിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷമാണ് പാരിതോഷികം നൽകുക.

രാജ്യത്തു നിന്ന് അഴിമതി തുടച്ചുനീക്കുകയാണ് ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ നടപടികളെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

സലിം കോട്ടയിൽ