കോടിയേരി ബാലകൃഷ്ണന് കല കുവൈറ്റിന്‍റെ ആദരാഞ്ജലികൾ.
Sunday, October 2, 2022 10:55 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : സി പി എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആഗസ്റ്റ് 29 മുതല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.. 2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.

2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സി.പി.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.2018ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്റ്റ് 28നാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

സമാനതകളില്ലാത്ത, സംഭാവനകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനും നൽകിയ കോടിയേരിയുടെ വിയോഗം തീരാ നഷ്ടമാണെന്നും, ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ്‌ പ്രസിഡന്‍റ് പി ബി സുരേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.