എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നു
ദുബായ്: എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ജൂലൈ 12 മുതൽ 26 വരെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത, യുഎഇ റസിഡൻസ് വീസയുള്ളവർക്ക് മാത്രമാണ് യാത്രനുമതി. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവളങ്ങളിൽ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തിൽ കൈമാറിയിരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

എയർഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, അംഗീകൃത ഏജൻസി എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ലോക്ക് ഡൗണിനെ തുടർന്നു അവധിക്കു നാട്ടിലെത്തിയ ആയിരക്കണക്കിനു പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി. വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള വിമാനങ്ങളാണ് സർവീസ് നടത്തുക.

ടിക്കറ്റ് ബുക്കിംഗിന് http://airindiaexpress.in /india-uae-travel-update സന്ദർശിക്കുക.