കെ.എം.മാണി ഒന്നാം ചരമവാര്‍ഷികം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും
Sunday, July 28, 2019 4:24 PM IST
മെല്‍ബണ്‍: കേരള രാഷ്ട്രീയത്തിലെ മണ്‍മറഞ്ഞ അതികായകനും പാവപ്പെട്ടവരുെട അത്താണിയും ആയിരുന്ന കെ.എം.മാണിയുടെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ മാസത്തില്‍ മെല്‍ബണില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി എംപി ഉദ്ഘാടനം ചെയ്യും. പ്രവാസി കേരള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ് കെ.എം.മാണിയുെട ഒന്നാം ചരമ വാര്‍ഷികം വിപുലമായ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മെല്‍ബണില്‍ നടത്തുന്നത്.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ പ്രസിഡന്റ് റജി പാറയ്ക്കന്റെ അധ്യക്ഷതയില്‍ കൂടുന്ന ചരമ വാര്‍ഷിക പരിപാടിയില്‍ തോമസ് ചാഴികാടന്‍ എംപി മുഖ്യപ്രഭാഷണവും പ്രവാസി കേരള കോണ്‍ഗ്രസിന്റെ സംഘടന ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മുഖ്യാതിഥിയും ആയിരിക്കും. കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹ്യ, സംഘടനാ നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ അലക്‌സ് കുന്നത്ത് അറിയിച്ചു.

പി.സി.ജോര്‍ജിനെ മെല്‍ബണില്‍ കൊണ്ടു വന്ന് കെ.എം.മാണിയെയും ജോസ് കെ.മാണിയെയും അസഭ്യം പറയിച്ചവരുടെ പേരില്‍ കഴിഞ്ഞദിവസം വന്ന തെറ്റായ വാര്‍ത്ത നേതാക്കന്‍മാരെ അറിയിച്ചപ്പോള്‍ ജോസ് കെ.മാണിയും തോമസ് ചാഴിക്കാടനും ഈ വിവരം അറിഞ്ഞിട്ടില്ലെന്ന് കോര്‍ഡിനേറ്റര്‍ അലക്‌സ് കുന്നത്തിനോട് പ്രതികരിച്ചു.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി നടത്തുന്ന കെ.എം.മാണിയുടെ ഒന്നാം ചരമവാര്‍ഷികം 2020 ഏപ്രിലില്‍ മെല്‍ബണില്‍ നടത്തുമ്പോള്‍ മൂവരും പങ്കെടുക്കുമെന്ന് അലക്‌സ് കുന്നത്ത് അറിയിച്ചു. കെ.എം.മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലായിലെ പള്ളിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പാലാ വീട്ടില്‍ ചെന്ന് കുട്ടിയമ്മച്ചിയെയും കണ്ടശേഷമാണ് കോര്‍ഡിനേറ്റര്‍ അലക്‌സ് കുന്നത്ത് ജോസ് കെ.മാണിയെയും തോമസ് ചാഴിക്കാടനെയും സ്റ്റീഫന്‍ ജോര്‍ജിനെയും മെല്‍ബണിലേക്കു ക്ഷണിച്ചത്.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കെ.എം.മാണിയുടെ ഒന്നാം ചരമ വാര്‍ഷിക ചടങ്ങിന്റെ നടത്തിപ്പിനു വേണ്ടി കോര്‍ഡിനേറ്റര്‍ അലക്‌സ് കുന്നത്ത് ജനറല്‍ കണ്‍വീനറും സ്റ്റീഫന്‍ ഓക്കാട്, ഷാജന്‍ ജോര്‍ജ്, ജിജോ കുഴികുളം , കുര്യാക്കോസ് തോപ്പില്‍, ടോം പഴയമ്പള്ളി, സിജോ ഈന്തനം കുഴി, ഡേവിസ് പാല എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിക്കും രൂപം കൊടുക്കുമെന്ന് അലസ്‌ക്‌സ് കുന്നത്ത് അറിയിച്ചു.