യുകെയിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാൻ കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ്
Thursday, May 14, 2020 7:57 AM IST
ലണ്ടൻ: വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിൽ യുകെയിൽനിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാൻ അനുമതിയായി. യുകെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മലയാളികളെ അവഗണിക്കരുതെന്ന ആവശ്യം ഉന്നയിച്ച് യുക്മ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനു നൽകിയ നിവേദനത്തെതുടർന്നാണ് നടപടി.

നിവേദനത്തെ തുടർന്നു തുടർച്ചയായി ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാർ പിള്ള കേന്ദ്രമന്ത്രിയെ ഫോണിലും ഈ ആവശ്യം ഉന്നയിച്ച് പലതവണ ബന്ധപ്പെടുകയുണ്ടായി. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തിൽ എടുത്തു പറയുകയും ചെയ്തു.

യുകെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേക്ക് മടങ്ങാനാവാതെ യുകെയില്‍ കുടുങ്ങിയിരുന്നു. മുതിർന്നവർ, ഗർഭിണികൾ, മെഡിക്കൽ എമർജൻസിയുള്ളവർ, ഉറ്റവരുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ, ടൂറിസ്റ്റുകളായി എത്തിയവർ എന്നിവർക്കാണ് യാത്രയ്ക്ക് മുൻഗണന നൽകുന്നത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണ് എയർ ഇന്ത്യ ടിക്കറ്റ് നല്കുന്നത്.

യാത്ര ചെയ്യാൻ അനുമതി ലഭിക്കുന്നവർ എയർ ഇന്ത്യയുമായി ബന്ധപ്പെടുകയും പേയ്മെൻ്റ് നല്കുകയും വേണം. യാത്ര ചെയ്യുന്നവർക്ക് എയർപോർട്ടിൽ മെഡിക്കൽ സ്ക്രീനിംഗ് ഉണ്ടാവും. കോവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. എയർ ഇന്ത്യാ എല്ലാ യാത്രക്കാർക്കും മാസ്കും ഗ്ലൗസും നൽകുന്നതാണ്. ഇന്ത്യയിലെ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ വീണ്ടും മെഡിക്കൽ സ്ക്രീനിംഗിന് വിധേയരാകണം. കൂടാതെ ആരോഗ്യ സൈറ്റ് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇതിനു ശേഷം യാത്രക്കാർ എല്ലാവരെയും 14 ദിവസത്തെ നിർബന്ധിത ക്വാറൻറ്റൈൻ ചെയ്യുന്നതിനായി ആശുപത്രികളിലേക്കോ, മറ്റു സ്ഥാപനങ്ങളിലേക്കോ പേയ്മെൻ്റ് അടിസ്ഥാനത്തിൽ സംസ്ഥാന ഗവൺമെന്‍റ് നിയോഗിക്കും. 14 ദിവസങ്ങൾക്കു ശേഷം കോവിഡ് ടെസ്റ്റ് നടത്തും.


ആദ്യ വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു. നിര്‍ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിച്ചു.

റിപ്പോർട്ട്: സജീഷ് ടോം