അര്‍ബന്‍, മള്‍ട്ടിസ്റ്റേറ്റ് സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ പരിധിയിലാക്കി
Wednesday, June 24, 2020 6:57 PM IST
ന്യൂഡല്‍ഹി: അര്‍ബന്‍, മള്‍ട്ടി സ്റ്റേറ്റ് (അന്തര്‍ സംസ്ഥാന) സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള പരിധിയിലാക്കാനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്തെ 1,482 അര്‍ബന്‍ സഹകരണ ബാങ്കുകളെയും 587 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് പുതിയ നിയമത്തിന്‍റെ പരിധിയില്‍ വരുക.

രാജ്യത്തെ 1,540ലേറെ സഹകരണ ബാങ്കുകളിലെ 8.6 കോടി നിക്ഷേപകര്‍ക്കും അവരുടെ 4.84 ലക്ഷം കോടി രൂപയും സുരക്ഷിതമാക്കാന്‍ നടപടി സഹായിക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ഡേക്കര്‍ പറഞ്ഞു. ഓര്‍ഡിനന്‍സിന് സമാനമായ ഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയതിനാല്‍ ബാങ്കിംഗ് നിയമഭേദഗതി പാസാക്കാനായില്ല.

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോഓപറ്റേറീവ് (പിഎംസി) ബാങ്കില്‍ നടന്ന വന്‍ ക്രമക്കേടുകളെ തുടര്‍ന്നാണ് ബാങ്കിംഗ് റഗുലേഷന്‍ നിയമ ഭേദഗതിക്കു കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്‍റെ പരിധിയിലാക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരമാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ നൂറുകണക്കിനു മറ്റു ഗ്രാമീണ സഹകരണ സംഘങ്ങള്‍ നടത്തി വരുന്ന ബാങ്കിംഗ് ഇടപാടുകളെ കൂടി റിസര്‍വ് ബാങ്കിന്‍റെ മേല്‍നോട്ടത്തില്‍ ആക്കണമെന്ന ആവശ്യത്തോട് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, തെലുങ്കാന, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു. നിലവില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ ആണ് ഇത്തരം സംഘങ്ങളുടെ പൊതുവായ മേല്‍നോട്ടം നടത്തിവരുന്നത്.

അതാതു സംസ്ഥാനങ്ങളുടെ സഹകരണ നിയമത്തിനു കീഴിലാണ് ഗ്രാമീണ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇത്തരം സഹകരണ സംഘങ്ങളെ കൂടി 1966 മുതല്‍ റിസര്‍വ് ബാങ്കിന്‍റെ പൊതുവായ നോട്ടത്തിനു കീഴിലാക്കിയിരുന്നു. വായ്പ പലിശ, വായ്പാ നയങ്ങള്‍, നിക്ഷേപങ്ങള്‍, പുതിയ ശാഖകള്‍ തുടങ്ങിയ ബാങ്കിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിനു കീഴിലാണ് നിരീക്ഷിക്കുന്നത്.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍