ഫൊക്കാന തെരഞ്ഞെടുപ്പിലെ വാശി കൺവെൻഷന്‍റെ മാറ്റു കുറയ്ക്കുന്നു: ഡോ. കല ഷാഹി
Saturday, July 4, 2020 11:55 AM IST
വാഷിംഗ്‌ടൺ ഡി.സി: ഫൊക്കാന കൺവെൻഷനും തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്തുന്നതുമൂലം കൺവെൻഷന്‍റെ മാറ്റ് കുറഞ്ഞു വരുന്നതായി ഫൊക്കാനയുടെ കല സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ ഡോ. കലാ ഷാഹി. ഓരോ തവണയും തെരഞ്ഞെടുപ്പിന്റെ വാശിയും മത്സരവും ഏറി വരുന്നത് മൂലം ഫൊക്കാന കൺവെൻഷന്‍റെ പൊലിമ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ കുറെ കാലങ്ങളായി കൺവെൻഷന്റെ കലാവേദികളുടെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു വരുന്ന ഡോ. കല ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്‍റെ സംസ്കാരത്തെ പ്രതിനിധികരിക്കുന്ന, അമേരിക്കൻ മലയാളികളുടെ പരിഛേദമെന്നു വിശേഷിപ്പാക്കാവുന്ന അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)രൂപീകൃതമായിട്ട് 38 വർഷം പിന്നിടുന്ന ഈ അവസരത്തിൽ ഇപ്പോൾ നടക്കുന്ന ആശയക്കുഴപ്പങ്ങളെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കേണ്ട സമയമായെന്ന് ഡോ.കല ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുകളും മറ്റും തുടങ്ങുന്നതിനു മുൻപ് പരാതികളോ വഴക്കോ, സ്വാധീനമോ തുടങ്ങിയ യാതൊരു സമ്മർദ്ദങ്ങളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹത്തോടെയും ഒത്തൊരുമയോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും ആഘോഷപരമായി ഒത്തൊരുമിച്ച് കൺവെൻഷനുകൾ നടത്തിയിട്ടുള്ള ഒരു കാലഘട്ടം ഫൊക്കാനയ്ക്കുണ്ടായിരുന്നു. ഈ രണ്ടു കാലഘട്ടത്തിലും ഫൊക്കാനയ്ക്കു വേണ്ടി അൽമാർത്ഥതയോടെ പ്രയത്നിച്ചുവരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളെയും പ്രശനങ്ങളെയും ഒരു ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. - കല പറഞ്ഞു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫൊക്കാന തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം, വോട്ടുപിടുത്തം, സംഘടനാ പ്രവർത്തനങ്ങൾ, അധികാരത്തർക്കങ്ങൾ, കക്ഷി സ്വാധീനങ്ങൾ, കുറുമാറ്റ-ലയനങ്ങൾ തുടങ്ങിയവ ഫൊക്കാന കൺവെൻഷനെ സാരമായ ബാധിച്ചിട്ടുണ്ട്. കൺവെൻഷനിൽ പങ്കെടുക്കുന്ന ബഹുമാന്യരായ സാധാരണക്കാരായ ജനങ്ങൾക്ക് ഇത്തരം പ്രവർത്തികൾ പലപ്പോഴും അരോചകമായി മാറിയിട്ടുണ്ട്. വൈരുധ്യങ്ങൾ ഏറെയുള്ള ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പ്രക്രീയകൾ പലപ്പോഴും അതിൽ പങ്കെടുക്കുന്ന കുച്ചുകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് മാനസിക പിരിമുറുക്കം നൽകാറുണ്ട്. കഴിഞ്ഞ കാലങ്ങളിലെ കൺവെൻഷനുകളിലെല്ലാം ഇത്തരം സംഭവങ്ങൾ മൂലം കൺവെൻഷന്റെ ആകെ പൊലിമ തന്നെ നഷ്ടപ്പടുന്നതായി കാണാം. - ഡോ. കല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കൺവെൻഷനിലെ കാര്യങ്ങൾ തന്നെ എടുക്കാം. ആദ്യ രണ്ടു ദിവസങ്ങളിൽ നടന്ന യുവജനോത്സവം,സ്റ്റേജ് പ്രോഗ്രാമുകൾ,സെമിനാറുകൾ,തുടങ്ങിയവ ശരിയായ രീതിയിൽ നടത്താൻ കഴിഞ്ഞിട്ടില്ല. ഇത്തരം പരിപാടികൾക്ക് ഉചിതമായ രീതിയിൽ മേൽനോട്ടം വഹിക്കാൻ ഔദ്യോഗികമായി ആരും തന്നെ ഉണ്ടായിരുന്നില്ല കാരണം അതിനു ചുമതലയുള്ള എല്ലാവരും തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. പിന്നെ ബാക്കിയുള്ള ഒരു ദിവസം കുറെയാളുകൾ മന്ത്രിമാരും മറ്റു വി.ഐ.പി.കളും വരുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ ആളാകനും സ്വയം കയ്യടി വാങ്ങാനുമായി ഓടി നടക്കുന്ന കാഴ്ചയും കാണാം. - ഡോ. കല പറയുന്നു.

ഇതിനിടയിൽ സാധരണക്കാരായ ജനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു കൺവെൻഷൻ എങ്ങനെ നടക്കാനാണ്? നാഷണൽ കമ്മിറ്റിയിലേക്കും ട്രസ്റ്റി ബോർഡിലേക്കുമൊക്കെയുള്ള തെരഞ്ഞെടുപ്പ് സാധാരണക്കാരെ സംബന്ധിച്ച് അത്ര വലിയ കാര്യമൊന്നുമല്ല. കാശുമുടക്കി കൺവെൻഷന് എത്തുന്നവർ സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്.

ടാലെന്റ്റ് കോമ്പറ്റിഷനും മറ്റ് സ്റ്റേജ് പെർഫോമൻസുകൾക്കുമായി അണിഞ്ഞൊരുങ്ങിയ കുട്ടികളും അവരുടെ മാതാപിതാക്കളും സംഘാടകരെയും ജഡ്‌ജസിനെയും കാത്തുകെട്ടിക്കിടക്കേണ്ട ഗതികേടാണ് ഉണ്ടായത്. ഇത്തരം പ്രഹസങ്ങൾ മൂലകം മനം മടുത്ത പല രക്ഷിതാക്കളുമൊക്കെ " ഇങ്ങനെയാണ് കാര്യങ്ങളെങ്കിലും ഇനിമേൽ കുട്ടികളെയൊന്നും പങ്കടുപ്പിക്കേണ്ടതില്ല" എന്ന രീതിയിലുള്ള പരാതികൾ വരെയുണ്ടായി. - ഡോ. കല വ്യക്തമാക്കി.

കൺവെൻഷനിൽ സംബന്ധിക്കുന്ന സാധരണക്കാരായ ജനങ്ങളെ സംബന്ധിച്ച് കൺവെൻഷന്റെ മൂന്ന് ദിവസങ്ങളും പ്രധാനപ്പെട്ടത് തന്നെയാണ്. അതേസമയം ആദ്യത്തെ രണ്ടു ദിവസങ്ങൾ വോട്ടു പിടുത്തതിനും തെരെഞ്ഞെടുപ്പിനുമായി മാറ്റി വയ്ക്കുന്ന സംഘാടകർ കൺവൻഷിനിലെ പ്രതിനിധികളെക്കൂടി ഓർക്കേണ്ടതാണ്. ആദ്യത്തെ രണ്ടു ദിവസങ്ങളിൽ നല്ല പരിപാടികൾ പോലുമുണ്ടാകാറില്ല. പാട്ടും നൃത്തവും ചെയ്യുന്നവർ ഒരേ ആളുകൾ, ചിലർ മൈക്ക് എടുത്ത് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ഇതൊക്കെ കണ്ടുകൊണ്ടു സഹിഷ്ണത നഷ്ടപ്പെടുന്ന പ്രതിനിധികളുടെ മുറുമുറുപ്പ് താൻ നേരിട്ട് കേട്ടിട്ടുണ്ടെന്നും കല ചൂണ്ടിക്കാട്ടി.


ഇത്തരം കാര്യങ്ങളെല്ലാം നേരിട്ടനുഭവിച്ച വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി എല്ലാ നേതാക്കന്മാരോടും ഒരു അഭ്യർത്ഥനയാണ്. ദയവുചെയ്ത് കൺവെൻഷൻ വേദിയിൽ വച്ച് തെരഞ്ഞെടുപ്പ് നടത്തരുത്. രണ്ടും രണ്ടായി നടത്തിയാൽ മാത്രമേ കൺവെൻഷന്റെ പൊലിമ നിലനിർത്താൻ കഴിയൂ. ഇതു തന്റെ മാത്രം നിർദ്ദേശമല്ല കൺവെൻഷനിൽ സ്ഥിരമായി പങ്കെടുക്കാറുള്ള മറ്റ് നിക്ഷ്പക്ഷരായ അംഗങ്ങളുടെ കൂടി നിർദ്ദേശമാണ്.- ഡോ. കല ഷാഹി വ്യക്തമാക്കി.

ഫൊക്കാനയെയും അതിലെ അംഗങ്ങളേയും സംബന്ധിച്ചിടത്തോളം കൺവെൻഷന് അതിന്റെതായ വിലയും നിലയും കൽപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനല്ല, കൺവെൻഷനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അതേസമയം, തെരഞ്ഞെടുപ്പ് എന്നത് ഏതാനും ചിലരെ മാത്രം ബാധിക്കുന്ന വിഷയമാണ്.തെരഞ്ഞെടുപ്പിന്റെ പിരിമുറുക്കം ഇല്ലാതെ സമാധാനപരമായ രീതിയിൽ കുടുംബസമേതം കൺവെൻഷനിൽ സംബന്ധിക്കാൻ സാഹചര്യമൊരുക്കുകയാണ് വേണ്ടത്. - ഡോ.കല പറഞ്ഞു.

നമ്മുടെ കുട്ടികളെയും മറ്റുമുൾപ്പെടുത്തി ഏറ്റവും ഭംഗിയായി യുവതലമുറയ്ക്ക് മാതൃകാപരമായ രീതിയിൽ വഴക്കും ശത്രുതയുമൊന്നുമില്ലാതെ ഫൊക്കാന കൺവെൻഷൻ നടത്തേണ്ടത് അനിവാര്യമാണ്. അതെ സമയം, തെരഞ്ഞെടുപ്പും കൺവെൻഷനും ഒരുമിച്ചുനടത്തിയാൽ രണ്ടു പ്രക്രീയകളുടെയും പ്രാധാന്യം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം സന്ദർഭങ്ങളിൽ തെരെഞ്ഞെടുപ്പിനാണോ കൺവെൻഷനാണോ പ്രാധാന്യം നൽകുന്നതെന്ന കാര്യത്തിൽ സാധരണക്കാർ ആശയക്കുഴപ്പത്തിലാകാറുണ്ട്.

കൺവെൻഷനൊപ്പം തെരഞ്ഞെടുപ്പും നടത്തിയാലേ ജനപങ്കാളിത്തമുണ്ടാകുകയുള്ളുവെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അത് വെറും മിഥ്യാധാരണ മാത്രമാണ്.എന്നാൽ കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിലെല്ലാം സംഘടനാ പ്രതിനിധികൾ എന്ന പേരിൽ വളരെയധികം ഡെലിഗേറ്റുമാരെ രെജിസ്ട്രേഷൻ പോലും ചെയ്യിക്കാതെ കൂട്ടമായി കൊണ്ടുവന്ന് ലജ്ജാകരമായ രീതിയിൽ സ്വാധീനം ചെലുത്തി വോട്ടു ചെയ്യിയ്പ്പിച്ചിട്ട് അന്ന് തന്നെ തിരിച്ചു കൊണ്ടുപോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. അവർ പോകുന്നതോടെ ആൾക്കൂട്ടവും ഇല്ലാതാകും. കല ചൂണ്ടിക്കാട്ടി.

അതുകൊണ്ട്, കൺവെൻഷന് മുൻപ് മറ്റൊരു വേദിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് തെരെഞ്ഞെടുപ്പിന്റെയും കൺവെൻഷന്റെയും ആരോഗ്യപരമായ നടത്തിപ്പിനു ഉചിതം. കൺവെൻഷന് മുൻപ് തെരഞ്ഞെടുപ്പ് നടത്തുകയും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കൺവെൻഷനിൽ വച്ച് നടത്തുകയും ചെയ്താൽ കൺവെൻഷൻ വേറിട്ട ഒരു അനുഭവമായി മാറും. തെരഞ്ഞെടുപ്പ് അതീവ സുരക്ഷയോടുകൂടിയ ഓൺലൈൻ സംവീധാനങ്ങൾ വഴി നടത്തിയാൽ ദൂരെയുള്ള ഡെലിഗേറ്റുമാർക്കും അത് ഏറെസൗകര്യപ്രദമാകും.

തെരെഞ്ഞെടുപ്പിൽ ജയിച്ചവരുടെ ആഘോഷങ്ങളും തോറ്റവരുടെ വിഷമങ്ങളും മറ്റും മാറിയ ശേഷം ഒത്തൊരുമയോടുകൂടി വാശിയും മറ്റുമില്ലാതെ വ്യക്തമായ പ്ലാനുകളോടെ മൂന്ന് ദിവസത്തെ കൺവെൻഷൻ നടത്തുകയാണെങ്കിൽ കൺവെൻഷൻ ‌ രെജിസ്ട്രേഷൻ കുത്തനെ വർധിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമുണ്ടാകില്ല. തെരഞ്ഞെടുപ്പുകൾ ഇല്ലാതിരുന്ന കാലങ്ങളിൽ ഉണ്ടായിരുന്ന പങ്കാളിത്തം ഇപ്പോൾ നാലിലൊന്നായി കുറയാൻ കാരണം തെരഞ്ഞെടുപ്പും കൺവെൻഷനും ഒരുമിച്ചു നടത്തുന്നതുകൊണ്ടാണെന്നു എല്ലാ നേതാക്കന്മാരും അൽമപരിശോധന നടത്തുന്നത് നല്ലതായിരിക്കും.

റിപ്പോർട്ട് : ഫ്രാൻസിസ് തടത്തിൽ