പ്രയാസങ്ങളുടെ കൊടുമുടികൾ കയറിയിറങ്ങി 6 വർഷത്തിനുശേഷം നസിബുദ്ദീൻ നാടണഞ്ഞു
Wednesday, October 21, 2020 7:54 PM IST
ജിദ്ദ: ആറുവർഷത്തിലേറെ നീണ്ട ദുരിത പർവ്വതത്തിനു വിടനല്കി മലപ്പുറം പോത്തുകൽ സ്വദേശി നസീബുദ്ദീൻ, ജിദ്ദ ഒ ഐ സി സി യുടെ സഹായത്തോടെ നാടണഞ്ഞു. 14 വർഷം മുൻപ് പ്രവാസ ജീവിതം ആരംഭിക്കുവാൻ ഹൗസ് ഡ്രൈവർ വീസയിൽ ജിദ്ദയിൽ എത്തിയ നസീബുദ്ദീൻ, പിന്നിട് പ്രയാസങ്ങളുടെ കൊടുമുടികളാണ് കയറിയത്. 2011 ൽ ആദ്യ വീസ ഒരു കമ്പനിയിലേയ്ക്ക് മാറ്റി, ജോലിക്കായി അവർ ഒരു വാഹനം നല്കുകയും മൂന്നു വർഷത്തോളം അതിൽ തുടരുവാനും സാധിച്ചു. എന്നാൽ ആ ടാക്സി കമ്പനി പല നിബന്ധനങ്ങൾ കൊണ്ടുവരുകയും പല രേഖകളിൽ ഒപ്പിട്ടു കൊടുക്കേണ്ടിയും വന്നു. ഇതിനിടയിൽ കമ്പനിക്ക് ലഭിച്ച എയർപോർട്ട് ടാക്സി സർവീസിൽ ജോലി ചെയ്യുവാൻ ആവശ്യപെടുകയും, അത് പ്രതീക്ഷിച്ച പോലെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാതെ വന്നു, അതിന്‍റെ പേരിൽ കമ്പനി ഹുറാബാക്കുകയും ചെയ്തു. എന്നാൽ ലേബർ കോടതിയിൽ നിന്നും അനുകൂല വിധിയിലൂടെ ഹുറൂബ് നീക്കി താൽക്കാലികമായി ജോലി ചെയ്യുന്നതിനുള്ള രേഖ ലഭ്യമാക്കി. ഈ സമയം ഉപയോഗിച്ചിരുന്ന കാർ തിരിച്ചു വാങ്ങുകയും മുൻപ് നൽകിയ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക തിരിമറികൾ കാണിച്ച്‌ നസിബുദ്ദീനെതിരെ കേസ് കൊടുക്കുകയും യാത്രാ വിലക്ക് വരുത്തുകയും ചെയ്തു.

ഈ സമയത്താണ് ഒഐസിസി ജിദ്ദ - പോത്തുകൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞാലിയും ഉസ്മാനും വിഷയത്തിൽ ഇടപെടുകയും ആവശ്യമായ സഹായങ്ങൾ നല്കിവരികയും, ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ ടി എ മുനീറിനെ അറിയിക്കുകയും ചെയ്തത്. കോടതിയിലെ രണ്ടു വർഷത്തെ നീണ്ട വ്യവഹാരങ്ങൾക്ക് ഒടുവിൽ കണക്കുകൾ നോക്കി കമ്പനിയിലേക്ക് വാഹന സംബന്ധമായി യാതെന്നും കൊടുക്കുവാനില്ലെന്നും, അതെ സമയം അനുകുല്യങ്ങൾക്ക് വേണ്ടി മറ്റൊരു കേസ് നൽകേണ്ടിവരുമെന്നും അല്ലാത്ത പക്ഷം എക്സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് അയക്കണമെനും വിധി കൽപ്പിച്ചു.

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്‍റെ കുടുംബത്തിനടുത്തേയ്ക്കു എങ്ങിനെങ്കിലും എത്തുക എന്ന ആഗ്രഹം കാരണം എല്ലാം ഉപേക്ഷിച്ചു പോകുവാൻ നസീബുദ്ദീൻ തീരുമാനിക്കുകയായിരുന്നു. ജിദ്ദയിലെ നിരവധി കോടതികളിൽ പല തവണ കയറിയിറങ്ങിയാണ് മടക്ക യാത്രക്കുള്ള അവകാശം ലഭിച്ചത്. കലാവധി കഴിഞ്ഞ ഇക്കാമയായതിനാൽ എക്സിറ്റ് കിട്ടാൻ വലിയ പ്രതിബന്ധങ്ങൾ വീണ്ടും നേരിടേണ്ടിവന്നു. അതിനിടയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ശ്രമ ഫലമായി തറഹീൽ മുഖാന്തരം പോകുവാനും ശ്രമം നടത്തി. എന്നാൽ വിധിയുടെ നിയോഗം പോലെ, കോവിഡ് മഹാമാരിയിലെ പ്രതിസന്ധി മടക്ക യാത്രയ്ക്ക് തടസമായി. ഈ സമയങ്ങളിൽ അതുവരെ ലഭിച്ചിരുന്ന ചെറു വരുമാനം പോലും നിലച്ചു, റീജണൽ കമ്മിറ്റി യുടെ ഭക്ഷണവും മറ്റു സഹായങ്ങളും നൽകി സഹായിച്ചു.


മൂന്നു തവണ സുമൈഷിയിലെ തറഹീലിൽ പോയിട്ടും കാര്യം നടന്നില്ല, പിന്നിട് ജവാസത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ ഇടപെടൽ മൂലം എക്സിറ്റ് ലഭ്യമായി. അങ്ങനെ ക്ഷമയുടെ ആൾ രൂപമായി പ്രതിസന്ധികളിൽ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നോട്ടു നീങ്ങിയ നസീബുദ്ദീൻ, കഴിഞ്ഞ ദിവസമുള്ള കോഴിക്കോട് വിമാനത്തിൽ ജിദ്ദ ഒ ഐ സി സി നൽകിയ ടിക്കറ്റിൽ യാത്രയായി . ആറുമാസം പ്രായമായപ്പോൾ കണ്ണ് കുളിർക്കെ കാണുവാൻ പോലും സാധിക്കാതെ വാർഷിക അവധി പൂർത്തിയാക്കി തിരികെ പോയ പിതാവിനെ, ആറാം വയസിലാണ് മകൻ മുഹമ്മദ് ഷഹീൻ കാണുക. എന്നാൽ ആ കാഴ്ച പോലും വലിയ സ്നേഹ പ്രകടനത്തിന് കോവിഡ് കാലം അനുവദിക്കാത്ത ദുഃഖത്തിലാണ്, സഹപ്രവർത്തകർ നൽകിയ യാത്രയയപ്പിലും നസീബുദ്ദീൻ.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ ടി എ മുനീർ നസീബിന് വിമാന യാത്ര ടിക്കറ്റ് കൈമാറുന്പോൾ സാക്കീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, നാസിമുദ്ദീൻ മണനാക്, മുജീബ് മൂത്തേടം, സമീർ നദവി കുറ്റിച്ചൽ, ടി.കെ. അഷറഫ്, ഉസ്മാൻ പോത്തുകൽ തുടങ്ങിയവരും സന്നിദ്ധരായിരുന്നു. പ്രവാസ ജീവിതത്തിന്‍റെ കയ്‌പേറിയ അനുഭവങ്ങളിലും, സഹപ്രവർത്തകരും നാട്ടുകാരുടെ കൂട്ടായ്മയും ഒ ഐ സി സി യും കാണിക്കുന്ന സ്നേഹത്തിന് വാക്കുകൾ കൊണ്ട് നന്ദി പറയാൻ കഴിയുകയില്ലെന്നും സന്തോഷത്തിന്റെയോ നിരാശയുടേതോ എന്ന അറിയാത്ത കണ്ണുനീർ തുടച്ചു കൊണ്ട് നാസിബുദ്ദീൻ പറഞ്ഞു. 14 വർഷം മുൻപ് പ്രവാസ ജീവിതത്തിന്‍റെ ആരംഭത്തിൽ സ്വപ്നം കണ്ടിരുന്ന വീടിനു തറയൊരുക്കുവാൻ മാത്രമാണ് സാധിച്ചത്, അത് എങ്ങിനെയെങ്കിലും പൂർത്തിയാക്കി വാടകവീട്ടിൽ നിന്നും മാറണം. ഒപ്പം ഇവിടെ ചെറു ജോലിയുമായി കഴിയുന്ന സഹോദരന്റെ മകളുടെ വിവാഹം നടത്തണം ഇതെല്ലാം സർവ്വശക്തൻ നടത്തിത്തരും എന്ന് തന്നെയാണ് വിശ്വാസമെന്നും തുടർന്ന് പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ