ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ് പിജി പ്രവേശനപരീക്ഷ നാലുമാസത്തേക്ക് മാറ്റി. കോവിഡ് സാഹചര്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചികിത്സാരംഗത്ത് കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇവരുടെ സേവനം സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗപ്പെടുത്താം.
ഓഗസ്റ്റ് 31 വരെ പരീക്ഷ നടത്തില്ല. പുതിയ തീയതി പ്രഖ്യാപിച്ചശേഷം കുറഞ്ഞത് ഒരു മാസം പരീക്ഷയ്ക്ക് തയാറെടുക്കാനായി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. രണ്ടാം തവണയാണ് നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കുന്നത്.