യാത്രയയപ്പ് നൽകി
Friday, June 11, 2021 4:22 PM IST
അൽഖർജ്, സൗദി: സുദീർഘമായ 30 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഖർജ് ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് കുഞ്ഞിമുഹമ്മദ് ഉമ്മത്തൂരിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.

1992 മുതൽ അൽഖർജിലെ പ്രവാസി മലയാളികൾക്കിടയിൽ മത, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായ കുഞ്ഞിമുഹമ്മദ് പ്രവാസ ലോകത്തെ പുതുതലമുറക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണെന്ന് ഉപഹാരം സമർപ്പിച്ച റിയാദ് ക്രിയേറ്റീവ് ഫോറം ചെയർമാൻ അഡ്വ.ഹബീബ് റഹ്മാൻ പറഞ്ഞു.

ആയുസിന്‍റെ നല്ലൊരു ഭാഗം പ്രവാസ ലോകത്ത് കഴിച്ചുകൂട്ടിയെങ്കിലും ജീവിത ലക്ഷ്യത്തെ സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വച്ചു പുലർത്തുകയും അതു പ്രകാരം അച്ചടക്കമുള്ള ജീവിതം നയിക്കുകയും ജനങ്ങളെ ആ നിലപാടിലേക്ക് ക്ഷണിക്കുകയും ചെയ്ത കുഞ്ഞിമുഹമ്മദിനു ആത്മവിശ്വാസത്തോടെ തന്നെ മടങ്ങാനാവുമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ആർ.ഐ.സി.സി കൺവീൻ ഉമർ ശരീഫ് അഭിപ്രായപ്പെട്ടു.

ഇസ്ലാമിക പ്രബോധന രംഗത്ത് ഉൾകാഴ്ച്ചയോടെയും വിവേകത്തോടെയും പക്വമായ ഇടപെടലുകൾ നടത്താൻ പ്രാപ്തിയുള്ള പ്രവാസി നേതാക്കളുടെ മടക്കം പ്രവർത്തന രംഗത്ത് വലിയ വിടവായിരിക്കും സൃഷ്ടിക്കുക എന്ന് ആശംസകൾ നേർന്നു സംസാരിച്ച നദീർ കണ്ണൂർ പറഞ്ഞു. അത്തരം വിടവുകൾ നികത്തി ഇസ്ലാഹി പ്രവർത്തനങ്ങളുടെ നൈരന്തര്യം നിലനിർത്തുവാൻ പ്രവർത്തകർ മുന്നോട്ടു വരണമെന്ന് മുഹ്യുദ്ദീൻ അരൂർ ഉദ്ബോധിപ്പിച്ചു.

കഴിഞ്ഞ മുപ്പത് വർഷവും അൽഖർജിൽ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചതും, ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളായ ഖുർആനും പ്രവാചക സുന്നത്തും പ്രബോധനം ചെയ്യുന്ന ഇസ്ലാഹി സെന്റർ കൂട്ടായ്മയിൽ ചേർന്ന് പഠിക്കാനും പ്രവർത്തിക്കാനും അവസരം ലഭിച്ചതും പ്രവാസ ജീവിതത്തിൽ തന്റെ ഏറ്റവും വലിയ സമ്പാദ്യമാണെന്ന് മറുപടിി പ്രസംഗത്തിൽ കുഞ്ഞിമുഹമ്മദ് പറഞ്ഞു.


കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗത്ത് സജീവ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്‍റെ ഭാഗമായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലെ പ്രവാസികൾക്കിടയിൽ മത - സാമൂഹിക - വിദ്യാഭ്യാസ പ്രവർത്തങ്ങൾ നടത്തിവരുന്ന ഇസ്ലാഹീ സെന്‍ററുകൾ പ്രവാസി മലയാളികൾക്ക് എന്നും താങ്ങും തണലുമാണ്. ഇതിന്‍റെ ഭാഗമായി അൽഖർജ്ജ് മേഖലയിലെ പ്രവർത്തങ്ങൾക്ക് ദീർഘകാലമായി നേതൃത്വം നൽകിവരുന്ന വ്യക്തിയായിരുന്നു കുഞ്ഞിമുഹമ്മദ്. റിയാദ് ഇസ്ലാഹി സെന്‍റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ നടന്നുവരുന്ന പഠന സംരംഭമായ ‘ഖുർആൻ ഹദീസ് ലേർണിംഗ് കോഴ്സ്’ ( ക്യു എച്ച് എൽ സി ), വാരാന്ത്യ ഖുർആൻ ക്ലാസ്, ദഅവ വിംഗ്, നിച്ച് ഓഫ് ട്രൂത്ത്, പുണ്യം കാരുണ്യ പദ്ധതി തുടങ്ങിയ നിരവധി പ്രവർത്തന പദ്ധതികളുടെ അൽഖർജ് ഏരിയ കോഓർഡിനേഷൻ നിർവഹിച്ചു വരികയായിരുന്നു അദ്ദേഹം.

അൽഖർജ്ജ് ഇസ്ലാഹി സെന്‍റർ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ അബൂബക്കർ പൊന്നാനി, സലാം കരുനാഗപ്പള്ളി, യൂസഫ് താനൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇസ്ലാഹി സെന്‍റർ സെക്രട്ടറി അബ്ദുൽ നാസർ കരുനാഗപ്പള്ളി സ്വാഗതവും നദീർ കണ്ണൂർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ