എക്സ്പ്രസ് ഹൈവേകളിലെ എമര്‍ജന്‍സി പാതകള്‍ കുവൈത്തില്‍ താല്‍ക്കാലികമായി അടക്കുന്നു.
Monday, October 18, 2021 11:39 PM IST
കുവൈറ്റ് സിറ്റി : രാജ്യത്തെ വിവിധ എക്സ്പ്രസ് ഹൈവേകളിലെ എമര്‍ജന്‍സി പാതകള്‍ താല്‍ക്കാലികമായി അടക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടേഷന്‍ അറിയിച്ചു.

റോഡിലെ അറ്റകുറ്റപ്പണികള്‍ക്കും മാൻഹോൾ കവറുകൾ സ്ഥാപിക്കുവാനാണ് എമര്‍ജന്‍സി ട്രാക്കുകള്‍ അടക്കുന്നത്. നേരത്തെ ഹൈവേകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സമയത്ത് എമര്‍ജന്‍സി പാതകള്‍ വഴി ഗതാഗതം അനുവദിക്കുന്നത് ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹായകരമായിരുന്നു.

പാതകൾ അടയ്ക്കുന്നത് ഘട്ടം ഘട്ടമായിരിക്കുമെന്നും ആദ്യ ഘട്ടമെന്ന നിലയില്‍ ഫഹാഹീൽ റോഡ്, അഞ്ചാം റിംഗ് റോഡ് (ഷെയ്ഖ് സായിദ് റോഡ്), കിംഗ് ഫഹദ് റോഡ്, ആറാം റിംഗ് റോഡ് (ജാസിം അൽ ഖറാഫി റോഡ്) ട്രാഫിക് പാതകളാണ് അടക്കുക. കഴിഞ്ഞാ ദിവസം കുവൈത്ത് സിറ്റിയിലേക്കുള്ള ഫഹാഹീൽ എക്സ്പ്രസ് വേയിൽ ജനറൽ ട്രാഫിക് വകുപ്പിന്റെയും റോഡ് അതോറിറ്റിയുടെയും ഏകോപനത്തോടെ എമര്‍ജന്‍സി പാത അടച്ചിരുന്നു.


സലിം കോട്ടയിൽ