ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസൂറി സിറ്റിയുടെ ആദരവ്; മേയർ റോബിൻ ഇലക്കാട്ടിന് ഇത് ധന്യ നിമിഷം
Wednesday, August 10, 2022 7:45 PM IST
ജോസ് കണിയാലി
വാഷിംഗ്ടണ്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദികനും യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ വാഷിംഗ്ടണ്‍ ഡിസി, യുഎസ്എ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് മിസൂറി സിറ്റിയുടെ താക്കോൽ നൽകി മേയർ റോബിൻ ഇലക്കാട്ട്ആദരിച്ചു. അമേരിക്കൻ ഗവണ്‍മെന്‍റിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന മലയാളി എന്ന നിലയിൽ മാത്രമല്ല ഒരു വൈദികനായും സേവനം നടത്തുന്ന അച്ചന് ഹൃദയം കൊണ്ട് നൽകുന്ന ആദരവുകൂടിയാണ് ഈ താക്കോൽ കൈമാറ്റമെന്നു മിസൂറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് അറിയിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഉന്നത പദവികളിൽ സേവനമനുഷ്ഠിക്കുന്നത് വലിയ സന്തോഷമാണ് നൽകുന്നത്. മിസൂറിയിലെത്തുന്ന പ്രതിഭകൾക്ക് സിറ്റിയുടെ ആദരവ് നൽകുന്പോൾ മലയാളിയായ മേയർ എന്ന നിലയിൽ പ്രത്യേക അഭിമാനമുണ്ട്. മാറിവരുന്ന എല്ലാ അമേരിക്കൻ ഭരണ കൂടത്തിലും വിവിധ പദവികളിൽ ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനുള്ള സ്വാധീനം അദ്ദേഹത്തിന്‍റെ പ്രവർത്തനമികവിനുള്ള അംഗീകാരം കൂടിയാണെന്ന് റോബിൻ ഇലക്കാട്ട് കൂട്ടിച്ചേർത്തു.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഫാ. അലക്സാണ്ടർ കുര്യൻ (ജെയിംസ് അച്ചൻ, കടക്കൽ വീട്, പള്ളിപ്പാട്) 1987-ൽ വിശുദ്ധ പൗരോഹിത്യം സ്വീകരിച്ച അച്ചൻ ബാൾട്ടിമോറിലെ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെയും ഗ്രേറ്റർ വാഷിംഗ്ടണ്‍ ഡിസിയിലെ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെയും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്‍റെ പൗരോഹിത്യ ചുമതലകൾ കൂടാതെ, ഫാ. അലക്സാണ്ടർ 14 വർഷക്കാലം സീനിയർ മാനേജ്മെന്‍റ് കണ്‍സൾട്ടന്‍റായി പ്രവർത്തിച്ചു. അമേരിക്കയിൽ ഓഫീസ് ഓഫ് സ്ട്രാറ്റജിക് പ്ലാനിംഗ് ഓഫീസിന്‍റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം 18 പ്രധാന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഇന്‍റർനാഷണൽ പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുകയും 147 രാജ്യങ്ങളിലൂടെ ഉഭയകക്ഷി ചർച്ചകൾ നടത്തുകയും 138 പുതിയ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും നിർമ്മിക്കുന്നത് മുൻകൈ എടുക്കുകയും ചെയ്തു.


യുഎസ് സിവിൽ സർവീസിന്‍റെ (എസ്ഇഎസ്ഐ) ഏറ്റവും ഉയർന്ന റാങ്ക് അദ്ദേഹത്തിനുണ്ട്. അമേരിക്കൻ ഗവണ്മെന്‍റിന്‍റെ ഭരണത്തിനും മാനേജുമെന്‍റിനുമായി സാന്പത്തികവും ഫലപ്രദവുമായ മാനേജ്മെന്‍റ് പ്രക്രിയകൾ നടപ്പിലാക്കുന്നതിനും ഫാ. അലക്സാണ്ടർ ജെയിംസ് കുര്യൻ പ്രവർത്തിക്കുന്നുണ്ട്. യുഎസ് ഗവണ്‍മെന്‍റിന് ഒരു ഘടനാപരമായ ചട്ടക്കൂട് നൽകുന്നതിനും ഫലപ്രദമായ ഗവണ്‍മെന്‍റ് നയങ്ങളും മാർഗനിർദ്ദേശങ്ങളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും അദ്ദേഹത്തിന്‍റെ സേവനങ്ങൾ യുഎസ് ഗവണ്മെന്‍റ് ഉപയോഗിക്കുന്നു. ഫാ. അലക്സാണ്ടർ തുടർച്ചയായി 5 യുഎസ് പ്രസിഡന്‍റുമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ പ്രസിഡന്‍റ് ബൈഡന്‍റെ കീഴിൽ സേവനമനുഷ്ഠിക്കുന്നു.

മുംബൈയിലും ഹൈദരാബാദിലും പുതിയ കോണ്‍സുലേറ്റുകൾ തുറക്കുന്നതിൽ ഫാ. അലക്സാണ്ടർ ജെയിംസ് നിർണായക പങ്കുവഹിച്ചു. അജിതയാണ് ഭാര്യ. മക്കൾ : അലീസ, നതാഷ, ഏലിയാ.