കാൻബറ മലയാളീസ് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയും മന്ത്രിമാരുമായി ചർച്ച നടത്തി
Friday, October 14, 2022 4:30 PM IST
ജോജോ മാത്യു
കാൻബറ (ഓസ്ട്രേലിയ)∙ ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിറ്ററി മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായി കാൻബറ മലയാളീസ് അസോസിയേഷൻ (സിഎംഎ) ഭാരവാഹികൾ ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ക്ഷണപ്രകാരം പുതുതായി ചുമതലയേറ്റ കാൻബറ മലയാളീസ് അസോസിയേഷന്‍റെ പ്രധാന ഭാരവാഹികൾ മുഖ്യമന്ത്രി ആൻഡ്രൂ ബാർ, സാംസ്കാരിക വകുപ്പ് മന്ത്രി താര ചെനെ, ഗതാഗത വകുപ്പു മന്ത്രി ക്രിസ് സ്റ്റീൽ എന്നിവരുമായി സംസ്ഥാന അസംബ്ലിയിൽ വച്ച് ചർച്ച നടത്തി.

യോഗത്തിൽ അസോസിയേഷന്‍റെ പുതിയ കമ്മിറ്റിയെ അഭിനന്ദിക്കുകയും അസോസിയേഷന്റെ ആവശ്യങ്ങളെക്കുറിച്ചു ശ്രദ്ധാപൂർവം കേൾക്കുകയും മലയാളം സ്കൂൾ, കമ്മ്യൂണിറ്റി സെന്റർ തുടങ്ങിയ കാര്യങ്ങളിൽ സഹായസഹകരണങ്ങൾ ഉറപ്പുനൽകുകയും ചെയ്തു.

പൊതുസമൂഹത്തിനു മലയാളി കമ്മ്യൂണിറ്റി നൽകുന്ന സേവനത്തെ കുറിച്ച് കാൻബെറയിലെ ലേബർ പാർട്ടി സർക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നു മന്ത്രിമാർ അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സീനിയർ ഉപദേഷ്ടാവും ലേബർ പാർട്ടി നേതാവും മുൻ എംഎൽഎയുമായ ദീപക് രാജ് ഗുപ്തയാണ് ഈ മീറ്റിങ്ങിന് മുൻകൈയെടുത്തത്.

ക്യാൻബറ മലയാളീസ് അസോസിയേഷനെ പ്രതിനിധീകരിച്ചു ജോബി ജോർജ് (പ്രസിഡന്‍റ്), അനൂപ് കുമാർ (സെക്രട്ടറി), ബെൻ നൈജു(വൈസ് പ്രസിഡന്റ്), ജോഷി പെരേര(ജോയിന്റ് സെക്രട്ടറി), റ്റിബിൻ വടക്കേൽ (പിആർഒ) എന്നിവർ പങ്കെടുത്തു. ചർച്ചയിൽ വളരെ പോസിറ്റീവായ രീതിയിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സംസാരിച്ചതെന്നും തുടർ ചർച്ചകൾ ഉണ്ടാകുമെന്നും അസോസിയേഷൻ പ്രസിഡന്‍റ് ജോബി ജോർജ് പറഞ്ഞു.