ഇന്ന് രാവിലെ എഴുന്നേറ്റ് കണ്ണാടിയിൽ നോക്കിയപ്പോൾ എന്ത് തോന്നി?
"മുഖം ഒന്ന് വെളുത്തിരുന്നെങ്കിൽ..."
"ഈ മുഖകുരു ഒന്ന് മാറിയിരുന്നെങ്കിൽ..."
"മുടി ഒന്ന് നീളം കൂടിയിരുന്നെങ്കിൽ...
"ഇത് ഒരാളുടെ മാത്രം ചിന്തയല്ല. കേരളത്തിലെ മിക്കവാറും എല്ലാ പെൺകുട്ടികളുടെയും, ആൺകുട്ടികളുടെയും ചിന്ത ഇതുതന്നെയാണ്.
എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നത്,ഇന്ന് നമ്മൾ കാണുന്നത് യഥാർത്ഥ മുഖങ്ങളല്ല.ഇൻസ്റ്റഗ്രാം തുറന്നാൽ ഫിൽട്ടർ ഇട്ട മുഖങ്ങൾ. മുഖത്ത് ഒരു പാടുമില്ല. ഒരു കുരുവുമില്ല. മുഖം കണ്ണാടി പോലെ തിളങ്ങുന്നു.
റീൽസിൽ കാണുന്ന ചേച്ചി പറയും "ഞാൻ ഈ ക്രീം ആണ് ഉപയോഗിക്കുന്നത്, ഏഴ് ദിവസത്തിൽ നിങ്ങളും വെളുക്കും!"യൂട്യൂബിൽ കാണുന്ന ചേട്ടൻ പറയും , "ഈ സിറം അടിച്ചാൽ മുടി ഇങ്ങനെ വളരും!"നമ്മൾ അത് വിശ്വസിച്ച് പോയി വാങ്ങും.
ഒരു ക്രീം, പിന്നെ ഒരു സിറം, പിന്നെ ഒരു ഫേസ് വാഷ്, പിന്നെ ഒരു പൗഡർ... അങ്ങനെ നമ്മുടെ ബാത്ത്റൂം ഷെൽഫ് നിറയും. പക്ഷേ മനസ് നിറയില്ല.
സത്യം എന്താണ്?
സൗന്ദര്യം എന്നത് ഒരു ക്രീമിന്റെ ട്യൂബിലല്ല.നമ്മുടെ തൊലിയുടെ നിറം നമ്മുടെ ജീൻ ആണ്. നമ്മുടെ അച്ഛനും അമ്മയും തന്നതാണ്. അതിനെ ബലമായി മാറ്റാൻ നോക്കുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്.പെട്ടെന്ന് വെളുക്കും എന്ന് പറയുന്ന സാധനങ്ങളിൽ പലപ്പോഴും തൊലിയെ പൊള്ളിക്കുന്ന കെമിക്കലുകൾ ഉണ്ടാകും. ആദ്യം വെളുത്തതായി തോന്നും. പിന്നെ തൊലി നേർത്തുവരും. പിന്നെ ചുവന്ന് തടിക്കും. പിന്നെ കുരു കൂടും. അവസാനം ഡോക്ടറെ കാണേണ്ടി വരും.ഒരു ഫിൽട്ടർ നമ്മുടെ മുഖത്തെ മാറ്റും. പക്ഷേ ഫിൽട്ടർ മാറ്റിയാൽ നമ്മൾ പഴയ നമ്മൾ തന്നെ. പിന്നെ നമുക്ക് നമ്മുടെ യഥാർത്ഥ മുഖം ഇഷ്ടമില്ലാതാകും. ഇതാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നം.
യഥാർത്ഥ സൗന്ദര്യം
1. നല്ല ഉറക്കം:
രാത്രി ഏഴ് മണിക്കൂർ നന്നായി ഉറങ്ങിയാൽ, ഒരു ക്രീമിനും തരാൻ പറ്റാത്ത തിളക്കം മുഖത്തിന് കിട്ടും.
2. വെള്ളം:
ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിച്ചാൽ ചർമ്മം തനിയെ വൃത്തിയാകും.
3. വെയിൽ:
രാവിലെ 15 മിനിറ്റ് വെയിൽ കൊണ്ടാൽ, വിറ്റാമിൻ D കിട്ടും, മുഖത്തിന് സ്വാഭാവിക തിളക്കം കിട്ടും.
4. സന്തോഷം:
മനസ് സന്തോഷമായിരുന്നാൽ, മുഖം തനിയെ ചിരിക്കും. അതാണ് ഏറ്റവും വലിയ ബ്യൂട്ടി ക്രീം.
5. ലളിതമായ പരിചരണം:
വില കൂടിയപത്ത്സാധനം വേണ്ട. നല്ലൊരു സോപ്പ്, ഒരു മോയിസ്ചറൈസർ, ഒരു സൺസ്ക്രീൻ. അതുമതി. എന്തെങ്കിലും വലിയ പ്രശ്നമുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണുക,ഇൻഫ്ലുവൻസറെ അല്ല.
സൗന്ദര്യം എന്നത് വെളുത്ത നിറമല്ല. സൗന്ദര്യം എന്നത് ആരോഗ്യമുള്ള ശരീരമാണ്,ആത്മവിശ്വാസമുള്ള ചിരിയാണ്.
നമ്മുടെ മുഖത്തെ ആ ചെറിയ കുരുവും, ആ ചെറിയ പാടും, ആ ചെറിയ കറുപ്പും... അതെല്ലാം കൂടിയാണ് നമ്മൾ .
ഇനി അവസാനം ഒരു യഥാർത്ഥ വാർത്ത കൂടി പറയാം...
ഇന്നലെ മലപ്പുറത്ത് 17 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ കണ്ട വെളുക്കാനുള്ള ക്രീം തേച്ച് ഗുരുതരമായ വൃക്കരോഗം വന്നു. ആ ക്രീമിൽ സർക്കാർ അനുവദിക്കുന്നതിന്റെ 12,500 ഇരട്ടി മെർക്കുറി വിഷം ഉണ്ടായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരു വർഷം ആ ക്രീം തേച്ചതിന് ശേഷം അവൾക്ക് കാലിൽ നീര് വന്നു, നടക്കാൻ പറ്റാതായി, ഓർമ്മക്കുറവ് വന്നു.അവളുടെ കഥ നമ്മുടെ വീട്ടിൽ ആവർത്തിക്കരുത്.ഫിൽട്ടർ ഇല്ലാതെ, ഭയമില്ലാതെ, നമ്മുടെ യഥാർത്ഥ മുഖവുമായി സന്തോഷമായിരിക്കൂ. കാരണം നമ്മൾ ഇപ്പോൾ തന്നെ സുന്ദരിയാണ്. നമ്മൾ ഇപ്പോൾ തന്നെ സുന്ദരനാണ്!