കെസിയ ലിസ് മെജോ
ലോകത്തിലെ ഏറ്റവും വലിയ സൗന്ദര്യവേദിയിൽ, എല്ലാ കോണിൽ നിന്നും വന്ന സുന്ദരികൾ ഗൗണും ഡയമണ്ടും അണിഞ്ഞ് നടക്കുമ്പോൾ, അവിടെ ഒരു പെൺകുട്ടി നടന്നു വന്നു.വെള്ളയും സ്വർണ്ണവും ചേർന്ന ഒരു ഗൗൺ. മുടിയിൽ ഒരു മുല്ലപ്പൂമാല. കൈയിൽ ഒരു വള. കാതിൽ ഒരു കമ്മൽ.കണ്ടവർ ചോദിച്ചു - "ഇതെന്ത് വേഷമാണ്?"അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു - "ഇത് എന്റെ നാടിന്റെ ഒരംശമാണ്. എന്റെ കേരളമാണ്.
അവളാണ് നമ്മുടെ കെസിയ ലിസ് മെജോ - മിസ് യൂണിവേഴ്സ് ഇന്ത്യ 2026.
ആദ്യ മലയാളി!
മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയാണ് കെസിയ. ആലപ്പുഴ മാവേലിക്കര സ്വദേശി, 19 വയസ്സ് മാത്രം. ബെംഗളൂരുവിൽ നിയമവിദ്യാർത്ഥിനി.ജയ്പൂരിൽ നടന്ന ഫിനാലെയിൽ 52 പേരെ പിന്തള്ളിയാണ് അവൾ കിരീടം ചൂടിയത്. പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാ മത് മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുകയാണ്.
വെറുമൊരു ഗൗൺ അല്ല, ഒരു കഥയാണ്
പേഴ്സണൽ ഇന്റർവ്യൂ റൗണ്ടിനാണ് കെസിയ ഈ കസവ് ഗൗൺ ധരിച്ചത്. കേരളത്തിന്റ സ്വന്തം കസവ് സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ ഗൗൺ. അതിൽ ഇന്ത്യൻ കൈത്തറിയുടെ സൂക്ഷ്മമായ കൈപ്പണി.പക്ഷേ ഇതിന്റ ഭംഗി വസ്ത്രത്തിൽ മാത്രമല്ല, അതിന് പിന്നിലെ കഥയിലാണ്.
മുടിയിലെ മുല്ലപ്പൂ:
അവളുടെ ആദ്യത്തെ ഔദ്യോഗിക ഫോട്ടോയിൽ ചൂടിയ അതേ മുല്ലപ്പൂ. അവളുടെ യാത്ര തുടങ്ങിയിടത്തെ ഓർമ്മ.
കൈയിലെ വള:
മത്സരത്തിന് വേണ്ടി ഇന്ത്യയിൽ നിന്ന് പുറപ്പെടുമ്പോൾ ധരിച്ച അതേ വള.
കാതിലെ കമ്മൽ:
തനിക്ക് മുമ്പ് ഇന്ത്യയെ പ്രതിനിധീകരിച്ച മുൻഗാമിയുടെ കമ്മൽ.അതായത്, അവൾ ധരിച്ചത് വെറും ആഭരണങ്ങളല്ല. തന്റെ യാത്രയിലെ ഓരോ നിമിഷവും, തന്നെ ചേർത്ത് പിടിച്ച ഓരോ മനുഷ്യനെയും അവൾ കൂടെ കൊണ്ടുനടന്നു.
"എന്റ നാടിന്റെ ഒരംശം"
ഫോട്ടോ പങ്കുവെച്ച് കൊണ്ട് കെസിയ എഴുതിയത് ഇതാണ്."എന്റെ പേഴ്സണൽ ഇന്റർവ്യൂവിനുള്ള വേഷം വെറുമൊരു വസ്ത്രമായിരിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ വീട്ടിൽ നിന്നുള്ള ഒരംശം, ചരിത്രത്തിന്റെ ഒരു ഭാഗം, എന്റെ യാത്രയിലെ ഓരോ നിമിഷവും അതിൽ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിച്ചു."അവസാനം ഷാരൂഖ് ഖാന്റെ 'ചക് ദേ ഇന്ത്യ' എന്നും അവൾ കുറിച്ചു.
മിസ് യൂണിവേഴ്സ് പോലുള്ള വേദിയിൽ, എല്ലാവരും വെസ്റ്റേൺ ലുക്കിൽ വരുമ്പോൾ, നമ്മുടെ കസവ് ചൂടി നിൽക്കാൻ ഒരു ധൈര്യം വേണം.കസവ് എന്നത് വെറുമൊരു തുണിയല്ല. അത് നമ്മുടെ അമ്മമാരുടെ, അമ്മൂമ്മമാരുടെ, ഓണത്തിന്റെ, വിഷുവിന്റെ ഓർമ്മയാണ്. അത് കേരളത്തിന്റെ അഭിമാനമാണ്.ആ അഭിമാനത്തെ, ലോകം മുഴുവൻ കാണുന്ന വേദിയിൽ കെസിയ ഉയർത്തിപ്പിടിച്ചു.
ഇരുണ്ട നിറത്തിന്റ പേരിൽ കളിയാക്കിയവർക്ക് മറുപടി
ഒരുകാലത്ത് ഇരുണ്ട ചർമ്മത്തിന്റെ പേരിൽ, തന്റെ ശരീരത്തെ കുറിച്ച് ആത്മവിശ്വാസമില്ലാതെ നടന്ന പെൺകുട്ടിയാണ് കെസിയ. സോഷ്യൽ മീഡിയയിലെ സൗന്ദര്യ മാനദണ്ഡങ്ങൾ അവളെ ഒരുപാട് വേദനിപ്പിച്ചു.പക്ഷേ "Fake it till you make it" എന്ന മന്ത്രം മനസ്സിൽ വെച്ച്, അവൾ സ്വയം മാറി. 2024 ൽ മിസ് ടീൻ ദിവ, പിന്നെ മിസ് യൂണിവേഴ്സ് കേരള, ഇപ്പോൾ മിസ് യൂണിവേഴ്സ് ഇന്ത്യ.
ഇന്ന് ലോകവേദിയിൽ കസവ് ചൂടി നിൽക്കുന്ന അവൾ, കേരളത്തിലെ ഓരോ പെൺകുട്ടിയോടും പറയുന്നത് ഇതാണ് - "നിറം നോക്കി ആരും നിന്നെ അളക്കേണ്ട. നിന്റെ നാട്, നിന്റെ വേരുകൾ തന്നെയാണ് നിന്റെ ഏറ്റവും വലിയ ഭംഗി."
ഫിനാലെ നവംബർ 24 ന്
പ്യൂന്പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നവംബർ 24 നാണ് ഗ്രാൻഡ് ഫിനാലെ. ലോകം മുഴുവൻ കാത്തിരിക്കുന്നു.കിരീടം കിട്ടിയാലും ഇല്ലെങ്കിലും, കെസിയ ഇതിനോടകം ജയിച്ച് കഴിഞ്ഞു. കേരളത്തെ ലോകവേദിയിൽ എത്തിച്ച്.നമ്മുടെ കെസിയയ്ക്ക് വേണ്ടി ഒരു ലൈക് ഇടൂ! കേരളത്തിന്റ അഭിമാനം ലോകം അറിയട്ടെ!