Kerala
പത്തനംതിട്ട: നടിയുമായി ബന്ധപ്പെട്ട കേസില്‍ നടന് ദിലീപിന് നീതി കിട്ടിയതായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നു രാവിലെ അടൂരില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചത്. നടിക്കൊപ്പമാണ് ഞങ്ങള്‍ എല്ലാവരുമെന്നു പറയാമെങ്കിലും നീതി എല്ലാവര്ക്കും വേണം.
ദിലീപിനെ വ്യക്തിപരമായ അറിയാം. അദ്ദേഹത്തിനു കോടതിയില്‍ നിന്ന് നീതി കിട്ടിയെന്നതു തന്നെയാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കേസിനെ സംബന്ധിച്ചു ദിലീപ് ചില പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്.
ഏതു കേസും കെട്ടിച്ചമച്ച് ആരെയും ഉപദ്രവിക്കാന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു മറ്റു ജോലിയൊന്നുമില്ലല്ലോ. എന്തു കേസും കെട്ടിച്ചമച്ച് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. നടിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ അപ്പീലിനു പോകുമല്ലോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആരെ ഉപദ്രവിക്കാനാകുമോയെന്നതു സര്‍ക്കാര്‍ നോക്കിയിരിക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
101 ശതമാനം പ്രതീക്ഷയോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് മുന്നോട്ടു പോയത്. ശബരിമലയിലെ തീവെട്ടിക്കൊള്ള ചര്‍ച്ച ചെയ്യപ്പെടാതെ പ്രചാരണം മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യുഡിഎഫ് മുന്നോട്ടുവച്ച വിഷയം വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ അത് എത്രമാത്രം പ്രതിഫലിച്ചുവെന്ന് തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
District News
റാന്നി: ശബരിമലയിൽനിന്ന് കോടിക്കണക്കിനു രൂപയുടെ സ്വർണം കട്ടതുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വവും പിണറായി സർക്കാരിനാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. റാന്നിയിൽ യുഡിഎഫ് റോഡ്ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കൾ ദേവസ്വം ബോർഡ് ഭരിച്ചിരുന്ന കാലയളവിലാണ് സ്വർണം കളവ് പോയതെന്നു വ്യക്തമായിട്ടും അവരെ സഹായിക്കുകയാണ് സർക്കാരും പാർട്ടിയും ചെയ്യുന്നത്.
പ്രതി ചേർത്ത് ജയിലിലാക്കിയവരുടെ വിശദീകരണം പാർട്ടിക്കു കേൾക്കേണ്ടതുണ്ടെന്ന തൊടുന്യായം ജനങ്ങളുടെ മുന്പിൽ അവതരിപ്പിക്കാൻ മടിയുള്ളതുകൊണ്ടാണ് പത്തനംതിട്ടയിലെ പ്രചാരണ പരിപാടികളിൽ എൽഡിഎഫ് നേതാക്കൾ വിട്ടുനിന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
Kerala
കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം ശശി തരൂർ സമൂഹമാധ്യമത്തിൽ പങ്കുവച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ചിലർ ബോധപൂർവം സർവ്വേ നടത്താൻ ശ്രമിക്കുന്നുണ്ട്. ചില കാര്യങ്ങൾ പുറത്തു പറയാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം പ്രതികരണങ്ങൾ അനാവശ്യമാണെന്നും ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
സർവ്വേക്ക് യാതൊരു ആധികാരികതയും ഇല്ല. മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണം. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.