ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാടു വെട്ടിത്തെളിയിക്കുന്നതിനിടെ മലാന്റെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്കേറ്റു. ആറളം ഫാമിലെ മനോജിനാണ് (46) പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പത്താം ബ്ലോക്ക് ആനമുക്കിൽ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് മലാന്റെ കുത്തേറ്റത്. പരിക്കേറ്റ മനോജിനെ ഉടൻ ആറളം ഫാം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷയ്ക്കുശേഷം പേരാവൂർ താലൂക്ക് ആശുപത്രിയി ലേക്ക് മാറ്റി. കഴിഞ്ഞദിവസം പത്താം ബ്ലോക്കിലെ അനീഷിനെ കാട്ടാന കുത്തിക്കൊന്നതിന് ശേഷം പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായിരുന്നു. ജനവാസമില്ലാത്ത ഭാഗങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന താമസക്കാരുടെ ആവശ്യം പരിഗണിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. പൊന്തക്കാടുകളിലാണ് കാട്ടാനയും പന്നിയും മലാമാനുമൊക്കെ താവളമാക്കിയിരിക്കുന്നത്.