കൊല്ലം: കര്‍ക്കടകവാവിനോടനുബന്ധിച്ച് തിരുമുല്ലാവാരത്ത് ബലിതര്‍പ്പണത്തിനായി എത്തിയ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജനത്തിരക്കും ഗതാഗതവും നിയന്ത്രിക്കുന്നതിനുമായി കൊല്ലം സിറ്റി പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളും നിയന്ത്രണങ്ങളും പൊലീസ് നേരത്തെ തന്നെ ഏകോപിപ്പിച്ചിരുന്നു.
400 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചത്. ഭക്തജനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി പ്രധാന റോഡുകളിലും തിരക്കേറിയ സ്ഥലങ്ങളിലും പ്രത്യേക ട്രാഫിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കര്‍ക്കടകവാവിനോടനുബന്ധിച്ച് തിരുമുല്ലാവാരത്ത് സജ്ജീകരിച്ച പോലീസ് കണ്ട്രോള് റൂം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൊല്ലം മേയര്‍ എ. കെ. ഹാഫിസ്, ജില്ലാ കളക്ടര്‍ ആനി ജൂലാ തോമസ്്, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലത എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്ട്രോള് റൂം വഴി തിരുമുല്ലാവാരത്തെ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനം, ഗതാഗത നിയന്ത്രണം, ജനത്തിരക്ക് നിരീക്ഷണം എന്നിവ കാര്യക്ഷമമായി നടപ്പാക്കി. അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടുന്നതിനുള്ള സംവിധാനങ്ങളും കണ്ട്രോള് റൂമില്‍ ഒരുക്കിയിരുന്നു.