ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ അട്ടിമറികൾക്ക് വഴിയൊരുക്കി, ലേബർപാർട്ടി നേതാവും ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറുമായ ആൻഡി ബേൺഹാമിന് പാർലമെന്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻവിജയം.
വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മേക്കർഫീൽഡ് മണ്ഡലത്തിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രീതിയിൽ വൻ ഇടിവു സംഭവിച്ച നിലവിലെ പ്രധാനമന്ത്രി കീയർ സ്റ്റാർമറിന് ഈ വിജയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
അമ്പത്തിയാറുകാരനായ ബേൺഹാം ആകെയുള്ള വോട്ടുകളിൽ 55 ശതമാനവും നേടിയാണു വിജയിച്ചത്. കുടിയേറ്റവിരുദ്ധ നിലപാടുകളുള്ള റിഫോം യുകെ പാർട്ടി സ്ഥാനാർഥി റോബ് കെനിയനെ ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ബേൺഹാം പരാജയപ്പെടുത്തിയത്.
വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ബേൺഹാം, തന്റെ ലക്ഷ്യം വെറുമൊരു എംപിസ്ഥാനം മാത്രമല്ലെന്നു പ്രഖ്യാപിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയസാഹചര്യം പൂർണപരാജയമാണ്. രാജ്യം ഇപ്പോൾ പോകേണ്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്. ലേബർ പാർട്ടിക്കു ലഭിച്ച അവസാനഅവസരമാണിതെന്നുംബേൺഹാം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന നേതാവായി ഇതോടെ ബേൺഹാം മാറി.ആൻഡി ബേൺഹാമിനെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
അതേസമയം, നേതൃമാറ്റത്തിനുള്ള മുറവിളി ഉയർന്നാൽ അതിനെ ശക്തമായി നേരിടാനാണ് സ്റ്റാർമറെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.