District News
കാഞ്ഞിരപ്പള്ളി: കുട്ടികള്‍ക്ക് അറിവും ഉല്ലാസവും പകര്‍ന്ന് ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യ ജീവിതദര്‍ശന ക്യാമ്പ്. പെറ്റ്സ് എന്ന പേരില്‍ പൊടിമറ്റം നിര്‍മല റിന്യൂവല്‍ സെന്ററില്‍ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. ഷെവ. വി.സി. സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി സന്ദേശം നല്കി. ഡിസിഎല്‍ സംസ്ഥാന പ്രോജക്ട് സെക്രട്ടറി ആദി വൈഷ്ണവ് അധ്യക്ഷത വഹിച്ചു.
കൊച്ചേട്ടന് ഫാ. റോയി കണ്ണന്‍ചിറ സിഎംഐ ആമുഖസന്ദേശം നല്കി. പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ റോഷ്ന ഹൈദ്രോസ്, ദീപിക കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. ജസ്റ്റിന് മതിയത്ത്, റേഡിയോ 90 എഫ്എം പ്രോഗ്രാം ഡയറക്ടര്‍ ഫാ. ജോമി കുമ്പുക്കാട്ട്, ഡിസിഎല്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, ഓര്‍ഗനൈസര്‍മാരായ ജെയ്സണ്‍ ജോസഫ്, വി.ടി. ജോസഫ്, ബാബു ടി. ജോണ്‍, ആന്‍സി മേരി ജോണ്‍, ജോഷി കൊല്ലാപുരം, മിനി മാത്യു, ജോസഫ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ സര്‍വതോമുഖമായ വളര്‍ച്ച ലക്ഷ്യംവച്ചുകൊണ്ടുള്ള നിരവധിയായ പരിശീലന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാ ക്ലാസുകള്‍, ലീഡര്‍ഷിപ്പ് ആന്‍ഡ് ടീം ബില്‍ഡിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ഹെല്‍ത്തി റിലേഷന്‍ഷിപ്പ്, പബ്ലിക് സ്പീക്കിംഗ്, ലഹരിക്കെതിരേയുള്ള ബോധവത്കരണം, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖങ്ങള്‍, കലാപരിപാടികള്‍, ആരോഗ്യസംരക്ഷണം തുടങ്ങി നിരവധിയായ കര്‍മ പദ്ധതികൾ ക്യാമ്പില്‍ ഉണ്ടായിരുന്നു.
സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറര്‍ ഫിയോണ തോമസ് അധ്യക്ഷത വഹിച്ചു. ഡിസിഎല്‍ പ്രവിശ്യ ലീഡര്‍ ശ്രേയ എസ്. നായര്‍, സെക്രട്ടറി ഡോണ്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശേരി, കോട്ടയം, പാലാ, അരുവിത്തുറ, കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത നൂറോളം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.
District News
ചേർത്തല: ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കബ്ബ് ബുൾബുൾ കുട്ടികൾക്ക് നടത്തിയ ദ്വിദിന ക്യാമ്പ് ചേർത്തല നഗരസഭാധ്യക്ഷൻ എസ്. സോബിൻ ഉദ്ഘാടനം ചെയ്തു.
ചേർത്തല ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ബീനാ അജി അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സാജു തോമസ്, കടക്കരപ്പള്ളി ഗവ. യുപി സ്കൂൾ പ്രഥമാധ്യാപിക എന്‍.എസ്. ലിജി, ജില്ലാ കബ്ബ് കമ്മീഷണർ മുഹമ്മദ് റാഫി, ജില്ലാ പ്ലാനിംഗ് കമ്മീഷണർ അനിൽ ബി. കൃഷ്ണ, ജോയിന്റ് സെക്രട്ടറി എഫ്. ബലദേവ്, എഡിഒസി വി. പുഷ്പ എന്നിവർ പ്രസംഗിച്ചു.
Kerala
കോട്ടയം: ആര്‍എസ്എസ് ശാഖയിൽ പീഡനം ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നിതീഷ് മുരളീധരനെതിരെ പോലീസ് കേസെടുത്തു. യുവാവിന്റെ മരണമൊഴി വീഡിയോയുടെ അടിസ്ഥാനത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പോലീസ് കേസെടുത്തത്.
സംഭവത്തിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. ഒക്ടോബർ ഒമ്പതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിന്നീട് ആര്‍എസ്എസിനെതിരെ ആരോപണമുന്നയിച്ച വീഡിയോ പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഈ സംഭവത്തിലാണിപ്പോള്‍ പോലീസ് കേസെടുത്തിരിക്കുന്നത്.