മുക്കൂട്ടുതറ: നിയന്ത്രണം തെറ്റി കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇതിൽ 85 കാരനായ വയോധികന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ ഇടകടത്തി ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിയുടെ മുന്നിലുള്ള റോഡിലാണ് അപകടം. ഉമ്മിക്കുപ്പ വാന്തിയിൽ വർക്കി (പാപ്പച്ചി - 85) ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും തോളിനും പൊട്ടൽ ഏറ്റതിനാൽ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
കാർ ഡ്രൈവ് ചെയ്ത പുറ്റുമണ്ണിൽ ജോസ്, മരുമകൾ, പാപ്പച്ചി എന്നിവരാണ് അപകടം സംഭവിക്കുമ്പോൾ കാറിൽ ഉണ്ടായിരുന്നത്. ജോസിനും മരുമകൾക്കും നിസാര പരിക്കേറ്റു.
പള്ളിയിൽ കുർബാന കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങാൻ പള്ളിമുറ്റത്ത് നിന്നു റോഡിലേക്ക് കാറിൽ വരുമ്പോൾ നിയന്ത്രണം തെറ്റി റോഡരികിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.