Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാര്‍ഥികൾക്ക് പരിക്ക്. പരിക്കേറ്റ യുഡിഎസ്എഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തിയിരുപ്പ് സമരം നടത്തുകയാണ്. കെഎസ്യു സംസ്ഥാന ട്രഷറർ കെ.ബി.ആദിൽ, എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.
സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. തുടർന്ന് ഇരു വിദ്യാര്‍ഥി സംഘടനകളിലെ പ്രവര്‍ത്തകരും തമ്മില്‍ പലപ്പോഴായി ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
International
കാബൂൾ: ബെഹ്രാംപുർ ജില്ലയിലെ അതിർത്തി മേഖലയിൽ താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല.
പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ളാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങൾക്കും ഐഎസ് ഒരു ഭീഷണിയാണെന്ന് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പോസ്റ്റുകളിൽ ആക്രമണം നടത്തിയെന്നും 25 പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്പരം പോരടിച്ച് കെഎസ്യുവും എംഎസ്എഫും. മുട്ടിൽ ഡബ്ലൂഎംഒ കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം എംഎസ്എഫ് മുട്ടിലിൽ നടത്തിയ പ്രകടനത്തിലാണ് കോൺഗ്രസ് നേതാക്കളെ അതിരൂക്ഷമായി വിമർശിച്ച് മുദ്രാവാക്യം മുഴക്കിയത്.
കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണനും, ടി.സിദ്ധിഖും നിയമസഭ കാണില്ലെന്ന് ഭീഷണിയും എംഎസ്എഫ് മുഴക്കി. ഇരു നേതാക്കളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ബാനർ പിടിച്ചായിരുന്നു പ്രകടനം. തർക്കത്തെ തുടർന്ന് പല കോളജുകളിലും എംഎസ്എഫും കെഎസ്യുവും സഖ്യം ഉണ്ടായിരുന്നില്ല.
അതേസമയം കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജിൽ വിജയിച്ച കെഎസ്യു എംഎസ്എഫിന് എതിരെ ബാനർ ഉയർത്തി പ്രകടനം നടത്തി. എംഎസ്എഫ് തോറ്റു മതേതരം ജയിച്ചു എന്നായിരുന്നു കെഎസ്യു ഉയർത്തിയ ബാനർ.
National
കട്ടക്ക്: ദുർഗാപൂജ ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ഒഡീഷയിലെ കട്ടക്കിൽ കർഫ്യൂ പ്രഖ്യാപിച്ചു. ദാരാഘബസാർ പ്രദേശത്തെ ഹാത്തി പൊഖാരിക്ക് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 1.30 നായിരുന്നു സംഭവം.
കഥജോഡി നദിയുടെ തീരത്തുള്ള ദേബിഗരയിലേക്ക് നിമജ്ജന ഘോഷയാത്ര നീങ്ങുന്നതിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഉച്ചത്തിൽ പാട്ട് വച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തെ തുടർന്ന് നഗരത്തിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇന്റർനെറ്റ് നിരോധനവും നിലവിൽ വന്നു. സെൻസിറ്റീവ് പ്രദേശങ്ങളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കാനും അധികൃതർ തീരുമാനിച്ചു.
ക്രമസമാധാന പാലനത്തിൽ ഭരണകൂടം പൂർണ പരാജയമാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് തിങ്കളാഴ്ച 12 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ടുവച്ചത് ചില നാട്ടുകാർ എതിർത്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനക്കൂട്ടം ഘോഷയാത്രയ്ക്ക് നേരെ കല്ലുകളും ഗ്ലാസ് കുപ്പികളും എറിയാൻ തുടങ്ങിയതോടെ ഏറ്റുമുട്ടലിലേക്ക് നീങ്ങി. ആക്രമണത്തിൽ കട്ടക്ക് ഡിസിപി ഖിലാരി ഋഷികേശ് ദിനിയാൻഡിയോ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.