‘പുതുയുഗ കേരളം’എന്ന മുദ്രാവാക്യവും ആശയവും ജനങ്ങള്‍ പൂര്‍ണമനസോടെ സ്വീകരിച്ചതിന്റെ പരിണിതിയായിരുന്നു 102 സീറ്റുമായുള്ള യുഡിഎഫിന്റെ ചരിത്രവിജയം. യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലും ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമബോധ്യം സര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര തീരുമാനിച്ചതും ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍, പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ചതും പിഎസ്സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വന്‍കിട വികസനപദ്ധതികളും സ്വപ്നപദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുകയെന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം.
◄ഇന്ദിരാ ഗാരന്റികൾ
സാമൂഹികക്ഷേമത്തിനും സമഗ്ര വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് ‘ഇന്ദിരാ ഗാരന്റി’കൾ പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാകുകയും ചെയ്തു. സൗജന്യയാത്ര സ്ത്രീകളോടുള്ള സര്‍ക്കാരിന്റെ ആദരവാണ്. മുതിര്‍ന്ന പൗരന്മാരോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇതിനു പുറമെയാണ് 100 ദിന കര്‍മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകള്‍ ചേര്‍ന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ടു നടപ്പിലാക്കുന്നത്. സര്‍ക്കാരിനു കൃത്യമായ വീക്ഷണവും ലക്ഷ്യവുമുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമങ്ങളുണ്ട്.
◄വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി
സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണ്. വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില് 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യസാധനങ്ങള്‍ കഴിഞ്ഞ ഓണക്കാലത്തെ സബ്സിഡി നിരക്കിനേക്കാള്‍ കുറഞ്ഞ വിലയിലാണു വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നല്കി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്സിഡി സാധനങ്ങള്‍ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
◄അധികനികുതി ചുമത്താതെ ആദ്യബജറ്റ്
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധികനികുതി ചുമത്താതെയാണ് ആദ്യബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെന്ഷന് വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസംപോലും ക്ഷേമ പെന്ഷന് മുടങ്ങരുതെന്നതാണു സര്‍ക്കാരിന്റെ നിലപാട്.
ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെന്ഷന് വിതരണം നേരത്തേയാക്കി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ വിതരണം ചെയ്തു. കെടിഡിസി, കെഎസ്ആര്‍ടിസി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ്, ഉത്സവബത്ത, സാലറി അഡ്വാന്‍സ് എന്നിവ ഉറപ്പാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിക്കുകയും ഹരിതകര്‍മ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയര്‍ത്തുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെത്തുടര്ന്ന് കുടിശികയായ പ്രവാസി ക്ഷേമനിധി ബോര്‍ഡ് പെന്ഷന് വിതരണത്തിന് 32 കോടി അനുവദിച്ചു.
◄ദുർബല വിഭാഗങ്ങളെ ചേർത്തുപിടിച്ചു
സ്കോളര്‍ഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് ഈ സര്‍ക്കാര്‍ പരിഹാരം കണ്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശിക തീര്‍ക്കാന്‍ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചു.
കാരുണ്യ, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകള്‍ തീര്‍ക്കാന്‍ 200 കോടി രൂപയും സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പിആര്‍എസ് കുടിശിക തീര്‍ക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്കാന് 44.24 കോടി രൂപയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1,200 രൂപ വീതം നല്കാന് 85.06 ലക്ഷം രൂപയും കൈമാറി.
സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിമാസ വേതനം വര്‍ധിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാന്‍ 44 കോടി രൂപ അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 650 മുതല്‍ 675 രൂപയായിരുന്ന പ്രതിദിന വേതനം 1,000 രൂപയായാണു വര്‍ധിപ്പിച്ചത്. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ബോണസില്‍ 1,000 രൂപയുടെ വര്‍ധന വരുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ‘സ്നേഹസാന്ത്വനം’പദ്ധതിക്കായി 14.40 കോടി രൂപ അനുവദിച്ചു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി 1000 രൂപ വീതം നല്കാന് 5.28 കോടി രൂപ നീക്കിവച്ചു. ‘ആശ്വാസകിരണം’ പദ്ധതി വഴി നല്കുന്ന ധനസഹായം 600 രൂപയില്‍നിന്ന് 1,000 രൂപയായി ഉയര്‍ത്തി.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി കുടുംബമൊന്നിന് രണ്ടു ലക്ഷം രൂപ വീതം അധികസഹായം പ്രഖ്യാപിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ കരാര്‍ ജീവനക്കാരുടെ ശമ്പളക്കുടിശിക തീര്‍ക്കാന്‍ 1.50 കോടി രൂപയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഉത്സവബത്തയ്ക്കും ഓണക്കിറ്റിനുമായി 20.87 ലക്ഷം രൂപയും നല്കി. പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ചികിത്സാ പരിരക്ഷ നല്കുന്ന ‘നോര്‍ക്ക കെയര്‍ പ്ലസ്’പദ്ധതിയുടെ രണ്ടാം ഘട്ടവും ആവിഷ്കരിച്ചു.
◄ഓപ്പറേഷൻ തൂഫാൻ
സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തരവകുപ്പ് ‘ഓപ്പറേഷന് തൂഫാന്’ആരംഭിച്ചത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ലഹരിക്കെതിരേ കായിക മേഖലയിലേക്കു കുട്ടികളെ വഴിതിരിച്ച് വിടുകയെന്നത് ഫലപ്രദമായ മാര്‍ഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായികരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ "ഓപ്പറേഷന് കളരി’എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് ഓപ്പറേഷന് തണ്ടര്‍ ഫലപ്രദമായി നടപ്പാക്കുന്നു. ലഹരി മാഫിയയുടെ അടിവേര് അറക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
◄മിഷന് സമുദ്ര
കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് ‘മിഷന് സമുദ്ര’. തീരദേശത്തെ ആഗോള മാന്യുമഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണിത്.
ചരക്കുനീക്കം പൂര്‍ണതോതില്‍ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ മിഷന് സമുദ്രയ്ക്ക് കരുത്തേകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്കു നേരിട്ട് ചരക്കുകള്‍ അയക്കാനും യാത്രാസമയവും ചെലവും കുറയ്ക്കാനും വഴിതുറന്നു.
ഇന്‍കെല്‍ മുഖേന വിഴിഞ്ഞത്ത് 100 ഏക്കറില്‍ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റവും പാലക്കാട്ട് ലോജിസ്റ്റിക്സ് ഹബ്ബും അങ്കമാലിയില്‍ 28 കോടി ചെലവില്‍ ഐടി പാര്‍ക്കും റിയല്‍ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളര്ച്ചാഫണ്ടും ആവിഷ്കരിച്ചിട്ടുണ്ട്. കിന്‍ഫ്ര, ഇന്‍കെല്‍ മുഖേന വ്യവസായ-ഐടി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപ പ്രദേശങ്ങളില്‍ പുതുയ വ്യവസായ വികസന മേഖലകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.