നാദാപുരം: സോഷ്യൽ മീഡിയയിലൂടെ നാദാപുരം എംഎൽഎയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെതിരേ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വാണിമേൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
2026-27 സാമ്പത്തിക വർഷത്തിൽ കേരള സർക്കാർ അവതരിപ്പിച്ച ബജറ്റിൽ വാണിമേൽ പഞ്ചായത്ത് കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചില്ലെന്നും നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിന്റെ ഇടപെടൽ കൊണ്ടാണ് മുൻ സർക്കാർ അനുവദിച്ച ഫണ്ട് നഷ്ടപ്പെട്ടതെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസിസി അംഗം പി.എ. ആന്റണി ഉദ്ഘാടനം ചെയ്തു. എൻ.കെ. മുത്തലിബ് അധ്യക്ഷത വഹിച്ചു. ഷെബി സെബാസ്റ്റ്യൻ, പി.എസ്. ശശി, കെ.പി. മൊയ്തു ഹാജി, എം.കെ. ശോഭ, കെ.പി. അബ്ദുള്ള, സാബു ആലപ്പാട്ട്, സുരേഷ് ബാബു, ഡോൺ തോമസ്, ഫിറോസ് ചള്ളയിൽ, രവീന്ദ്രൻ വയലിൽ, രാജൻ കമ്പിളിപ്പാറ എന്നിവർ പ്രസംഗിച്ചു.